യുവാവിനെ കടത്തിക്കൊണ്ടുപോയ കേസ് മൂന്നാംപ്രതി നടി ലക്ഷ്മി മേനോൻ

Thursday 28 August 2025 12:21 AM IST

കൊച്ചി: ബാറിൽ വച്ചുണ്ടായ വാക്കുതർക്കത്തിന്റെ പകയിൽ ഐ.ടി ജീവനക്കാരനെ കടത്തിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസിലെ മൂന്നാംപ്രതി നടി ലക്ഷ്മി മേനോൻ. എറണാകുളം സ്വദേശിനിയായ ഇവർ ഒളിവിലാണ്. നടിയുടെ ഫോൺ സ്വിച്ച്ഓഫാണ്. കേസിൽ കൂട്ടുപ്രതികളായ പറവൂർ വെടിമറ സ്വദേശി മിഥുൻ, പറവൂർ ഗോതുരുത്ത് സ്വദേശി അനീഷ്, കുട്ടനാട് സ്വദേശിനി സോന എന്നിവരെ ചൊവ്വാഴ്ച നോർത്ത് പൊലീസ് അറസ്റ്റുചെയ്തിരുന്നു. ചോദ്യംചെയ്യലിലാണ് നടിയും ഒപ്പമുണ്ടായെന്ന് വെളിപ്പെടുത്തിയത്. പരാതിക്കാരൻ തെളിവായി നൽകിയ ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളിൽ ഒരാൾ നടിയാണെന്ന് അപ്പോഴാണ് പൊലീസ് തിരിച്ചറിഞ്ഞത്. കാറിൽ ഇരിക്കുന്ന യുവാവിനോട് സോന തർക്കിക്കുന്നതും ലക്ഷ്മി വാഹനം തടയുന്നതും ദൃശ്യത്തിൽ വ്യക്തം.

അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. മിഥുൻ സ്വർണം പൊട്ടിക്കൽ കേസിലെ പ്രതിയാണ്. അനീഷിനെതിരെയും കേസുകളുണ്ട്. ലക്ഷ്മി മേനോൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി പരിഗണിച്ച കോടതി അടുത്തമാസം 17വരെ അറസ്റ്റ് വിലക്കി. സർക്കാരിന്റെ വിശദീകരണവും തേടി.

ആലുവ സ്വദേശിയും സദർലാൻഡ് ഐ.ടി കമ്പനിയിലെ ജീവനക്കാരനുമായ അലിയാർഷാ സലീമിനെയാണ് ഞായറാഴ്ച രാത്രി കടത്തിക്കൊണ്ടുപോയത്.

അലിയാർഷായും തായ്‌ലാൻഡ് സ്വദേശിനിയും രണ്ട് ആൺ സുഹൃത്തുക്കളുമടങ്ങുന്ന ടീമും നടിയുൾപ്പെടുന്ന കടത്തിക്കൊണ്ടുപോയ സംഘവും നഗരത്തിലെ ബാറിൽവച്ചാണ് വാക്കുതർക്കമുണ്ടാകുന്നത്. നടിയോട് മോശമായി സംസാരിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. അലിയാർ ഷായും സുഹൃത്തുക്കളും ബാർവിട്ടശേഷം നടിയും സംഘവും ഇവരെ പിന്തുടർന്ന് നോർത്ത് പാലത്തിൽവച്ച് തടഞ്ഞുനിറുത്തി. പിന്നീട് കാറിൽ നിന്ന് വലിച്ചിറക്കി യുവാവിനെ കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്നും

കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദിച്ചെന്നുമാണ് അലിയാർ ഷായുടെ പരാതി. പറവൂർവഴി ആലുവയിലേക്കുപോയ സംഘം പരാതിക്കാരനെ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു.

തിങ്കളാഴ്ച യുവാവ് നോർത്ത് സ്‌റ്റേഷനിലെത്തി പരാതി നൽകുമ്പോഴാണ് സംഭവം പൊലീസ് അറിയുന്നത്. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മിഥുനേയും അനീഷിനേയും സോനയേയും അറസ്റ്റ് ചെയ്തത്. കാറുടമയായ കുട്ടനാട് സ്വദേശിയെ ചോദ്യംചെയ്ത് വിട്ടയച്ചു. ഇയാളുടെ സുഹൃത്താണ് നടി.

അതേസമയം പരാതിക്കാരന്റെ സംഘം ബിയർകുപ്പിക്ക് ആക്രമിച്ചെന്ന് കാട്ടി അറസ്റ്റിലായ സോന നൽകിയ പരാതിയിൽ നോർത്ത് പൊലീസ് കേസെടുത്തു. കണ്ണിന് പരിക്കേറ്റെന്നാണ് പരാതി.