സാങ്കേതിക കലാശാലയിൽ ഭരണസ്തംഭനം ഓണത്തിന് ബോണസും ശമ്പളവും പെൻഷനുമില്ല പരീക്ഷകളും അവതാളത്തിൽ

Thursday 28 August 2025 12:20 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഇക്കുറി ഓണത്തിന് ശമ്പളവും ബോണസും പെൻഷനും കിട്ടില്ല. ബഡ്ജറ്റ് പാസാക്കാനാവാത്തതാണ് കാരണം. രണ്ടു മാസത്തെ പെൻഷനും ഒരു മാസത്തെ ശമ്പളവും നിലവിൽ കുടിശികയാണ്. ബഡ്ജറ്റ് പാസാക്കാൻ വി.സി ഡോ. കെ. ശിവപ്രസാദ് പലവട്ടം സിൻഡിക്കേറ്റും ബോർഡ് ഒഫ് ഗവേണേസും വിളിച്ചെങ്കിലും ക്വാറം തികയാത്തതിനാൽ യോഗം ചേരാനായില്ല. സർക്കാർ പ്രതിനിധികളായ ഉന്നതവിദ്യാഭ്യാസ, ധനകാര്യ സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും സിൻഡിക്കേറ്റിൽ പങ്കെടുക്കുന്നില്ല. സർക്കാർ നിർദ്ദേശപ്രകാരമാണിത്. ഇതിനെതിരേ വി.സി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ഹർജി ഓണാവധിക്കു ശേഷമേ കോടതി പരിഗണിക്കു. കോൺഗ്രസ്‌ അനുകൂല ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ ഹർജ്ജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.

ബഡ്ജറ്റ് പാസാക്കാത്തതിനാൽ ദൈനംദിന ചെലവുകൾക്കുപോലും പണമില്ല. പരീക്ഷയ്ക്കടക്കം സോഫ്‌റ്റ്‌വെയർ സേവനംനൽകുന്ന സ്വകാര്യകമ്പനിക്ക് പ്രതിമാസം 86ലക്ഷം നൽകേണ്ടതാണ്. രണ്ടുമാസം കുടിശികയായി. ഇതോടെ പരീക്ഷാനടത്തിപ്പും പ്രതിസന്ധിയിലാണ്. ബിരുദസർട്ടിഫിക്കറ്റുകൾ അച്ചടിക്കാനും അത് വിതരണം ചെയ്യുന്ന തപാൽവകുപ്പിന് നൽകാനും പണമില്ല. കഴിഞ്ഞമാസത്തെ തപാൽചാർജ്ജ് നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് വിതരണം നിലയ്ക്കും. ഇ-ഗവേണൻസ് പദ്ധതിയുടെ സെർവർ നൽകുന്ന ആമസോൺ ക്ലൗഡിനുള്ള ലൈസൻസ് ഫീസും മുടങ്ങി. കെ-ഫോണടക്കം മൂന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്കും കടമാണ്. ഇതു മുടങ്ങിയാൽ പരീക്ഷാഫലപ്രഖ്യാപനവും മൂല്യനിർണയവുമെല്ലാം അവതാളത്തിലാവും.

ഡോ.ശിവപ്രസാദിനോടുള്ള സർക്കാരിന്റെ പക കാരണമാണ് ശമ്പളവും പെൻഷനും മുടങ്ങുന്നതെന്ന് ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ആരോപിച്ചു. ശമ്പളവും ഉത്സവ ആനുകൂല്യങ്ങളും തടസപ്പെട്ടാൽ ജീവനക്കാരും പെൻഷൻകാരും ഓണത്തിന് പട്ടിണിസമരം നടത്തും. സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്ത് ബഡ്ജറ്റ് പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.