കയാക്കിംഗ് മത്സരത്തിന് സീതത്തോട് ഒരുങ്ങുന്നു
കോന്നി: തെക്കൻ കേരളത്തിലെ ആദ്യ കയാക്കിംഗ് മത്സരത്തിന് സീതത്തോട് ഒരുങ്ങുന്നു. .കോന്നി കരിയാട്ടം ടൂറിസം എക്സ് പോയുടെ ഭാഗമായാണ് സെപ്തംബർ രണ്ടിന് രാവിലെ പത്തിന് കക്കാട്ടാറിൽ കയാക്കിംഗ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സാഹസിക വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.നിലവിൽ കേരളത്തിൽ തുഷാരഗിരിയിൽ മാത്രമാണ് കയാക്കിംഗ് മത്സരം നടക്കുന്നത്.സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരളാ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകുന്നത്. കേരളാ കയാക്കിംഗ് ആൻഡ് കനായിംഗ് അസോസിയേഷൻ മത്സരം നിയന്ത്രിക്കും. പുരുഷ, വനിതാ വിഭാഗങ്ങളിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. കോന്നിയുടെ സാഹസിക വിനോദ സഞ്ചാര മേഖലയിൽ ഒരു കുതിച്ചുചാട്ടത്തിന് മത്സരം വഴിയൊരുക്കും. ട്രക്കിംഗ് ഉൾ പ്പടെയുള്ള സാഹസിക വിനോദസഞ്ചാരം വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. എന്നാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മത്സരാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന കയാക്കിംഗ് മത്സരത്തിലൂടെ കോന്നിയുടെ ടൂറിസം മേഖല വലിയ കുതിപ്പാണ് നടത്താൻപോകുന്നത്.കാക്കിംഗ് ,കനോയിംഗ് മത്സരങ്ങളുടെ സ്ഥിരം കേന്ദ്രമായും പരിശീലന കേന്ദ്രമായും സീതത്തോട് മാറും. അഡ്വ. കെ.യു. ജനീഷ് കുമാർ എം .എൽ.എയുടെ ഇടപെടലിനെ തുടർന്ന് ടൂറിസം മന്ത്രി ഇത് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. സിംഗിൾ വിഭാഗത്തിന് 25000, 10000,5000, ഡബിൾസ് വിഭാഗത്തിന് 50000,25000,10000 എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സ്ഥനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസ് ലഭിക്കും. സെപ്തംബർ ഒന്ന് വരെയാണ് രജിസ്ട്രേഷൻ. .കയാക്കിംഗിലൂടെ കോന്നിക്കും സീതത്തോടിനും രാജ്യാന്തര പ്രശസ്തി കൈവരിക്കാനാകുമെന്നും, പരിശീലനം നേടുന്ന കുട്ടികൾക്ക് ഒളിമ്പിക്സ് വരെയുള്ള സാദ്യതകളാണ് കൈവരുകയെന്നും എം.എൽ.എ പറഞ്ഞു.