റോയല്‍സിനെ വീഴ്ത്തി ടൈറ്റന്‍സ് ഒന്നാം സ്ഥാനത്ത്; തകര്‍പ്പന്‍ ഫോം തുടര്‍ന്ന് അഹമ്മദ് ഇമ്രാന്‍

Wednesday 27 August 2025 11:35 PM IST

തിരുവനന്തപുരം: മഴയിലും ചോരാത്ത ആവേശവുമായി കളം നിറഞ്ഞ് കളിച്ച തൃശൂര്‍ ടൈറ്റന്‍സിന് മുന്നില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് അടിപതറി. മഴ നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിശ്ചയിച്ച മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ടൈറ്റന്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 22 റണ്‍സ്. മഴ കാരണം റോയല്‍സിന്റെ വിജയലക്ഷ്യം 12 ഓവറില്‍ 148 റണ്‍സാക്കി ചുരുക്കി. എന്നാല്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 136 എന്ന നിലയില്‍ റോയല്‍സിനെ പിടിച്ചുനിര്‍ത്തിയ ടൈറ്റന്‍സ് നാലാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.

7.4 ഓവറില്‍ 99ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നതിന് ശേഷമാണ് റോയല്‍സ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ എംഡി നിതീഷ് ആണ് റോയല്‍ണ് ബൗളിംഗില്‍ തിളങ്ങിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് 1(3), റിയാ ബഷീര്‍ 23(12) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ ഗോവിന്ദ് ദേവ് പൈ തകര്‍ത്തടിച്ചു. 26 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറിയും സഹിതം 63 റണ്‍സ് നേടി.

പൈ പുറത്തായതോടെയാണ് റോയല്‍സ് തകര്‍ച്ചയിലേക്ക് വീണത്. നിഖില്‍ എം 12(8), അബ്ദുള്‍ ബാസിത് 2(3), സഞ്ജീവ് 3(3) എന്നിവര്‍ നിരാശപ്പെടുത്തി. അഭിജിത്ത് പ്രവീണ്‍ 18*(12) പുറത്താകാതെ നിന്നുവെങ്കിലും റോയല്‍സിനെ ജയത്തിലേക്ക് നയിക്കാന്‍ അത് മതിയാകുമായിരുന്നില്ല. വിക്കറ്റ് കീപ്പര്‍ സുബിന്‍ 6*(5) റണ്‍സുമായി പുറത്താകാതെ നിന്നു. ടൈറ്റന്‍സിനായി ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റുകളും അജിനാസ് കെ ഒരു വിക്കറ്റും വീഴ്ത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് റോയല്‍സിന്റെ നാലാം തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് അഹമ്മദ് ഇമ്രാന്‍ 98(49), അക്ഷയ് മനോഹര്‍ 54*(22) എന്നിവരുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറികളുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. തകര്‍പ്പന്‍ ഫോം തുടരുന്ന ഇടങ്കയ്യന്‍ ഓപ്പണര്‍ ഇമ്രാന്‍ 13 ബൗണ്ടറികളും നാല് സിക്‌സറുകളും പായിച്ചു. സെഞ്ച്വറിക്ക് രണ്ട് റണ്‍സ് മാത്രം അകലെ അബ്ദുള്‍ ബാസിത്തിന്റെ പന്തിലാണ് ഇമ്രാന്‍ പുറത്തായത്. ആനന്ദ് കൃഷ്ണന്‍ 32(26), ഷോണ്‍ റോജര്‍ 31(20), അര്‍ജുന്‍ എ.കെ 5*(2) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. റോയല്‍സിനായി നിഖില്‍ എം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അബ്ദുള്‍ ബാസിത്, ആസിഫ് സലീം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.