വേടന് മുൻകൂർ ജാമ്യം: പരസ്പരം സമ്മതിച്ചുള്ള ബന്ധം പീഡനമല്ലെന്ന് ഹൈക്കോടതി

Thursday 28 August 2025 1:56 AM IST

കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയെന്ന കേസിൽ റാപ്പർ വേടന് (ഹിരൺ ദാസ് മുരളി-31) ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി.

വേടൻ സെപ്തംബർ 9,10 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5വരെ തൃക്കാക്കര പൊലീസിൽ ചോദ്യംചെയ്യലിന് ഹാജരാകണം. അറസ്റ്റിലായാൽ ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾ ജാമ്യത്തിലും വിട്ടയയ്‌ക്കണം. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുത്.

2021-23ലെ സംഭവങ്ങളുടെ പേരിലാണ് വേടനെതിരെ യുവതി പരാതി നൽകിയത്. സമൂഹമാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെട്ടതെന്നും കോഴിക്കോട്ടെ തന്റെ അപ്പാർട്ട്മെന്റിൽ ആദ്യ കൂടിക്കാഴ്ചയിൽ മാനഭംഗപ്പെടുത്തിയെന്നുമാണ് പരാതിക്കാരി പറയുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി പലതവണ ശാരീരിക ബന്ധം പുലർത്തി. ബ്രേക്കപ്പായതോടെ സൗഹൃദം അവസാനിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഉഭയസമ്മതത്തോടെയുള്ള ബന്ധമാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയത്.

ഹർജിക്കാരൻ മൂന്ന് ദിവസം യുവതിക്കൊപ്പം താമസിച്ച ശേഷമാണ് മടങ്ങിയത്. ട്രെയിൻ ടിക്കറ്റടക്കം എടുത്തുനൽകിയതായി പരാതിക്കാരി പറയുന്നു. പ്രണയം തുടരുകയും പലതവണ ശാരീരിക ബന്ധം ഉണ്ടാവുകയും ദിവസങ്ങളോളം ഒരുമിച്ച് താമസിക്കുകയും ചെയ്തു. പിന്നീട് ബന്ധം തകർന്നപ്പോഴാണ് പീഡന ആരോപണമായി മാറിയതെന്നും കോടതി വിലയിരുത്തി.

എന്നാൽ പൊള്ളയായ വാഗ്ദാനം നൽകിയാണ് ഹർജിക്കാരൻ സമ്മതം വാങ്ങിയതെന്ന് പരാതിക്കാരിയുടെ അഭിഭാഷക വാദിച്ചു. ഗൗരവമുള്ള കേസായതിനാൽ വേടനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷനും പറഞ്ഞു. വിവാഹ വാഗ്ദാനം മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണോ എന്ന് വേർതിരിച്ചറിയുക കോടതികൾക്ക് വെല്ലുവിളിയാണെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. ഓരോ ബന്ധത്തിന്റെയും സന്ദർഭമനുസരിച്ച് വിലയിരുത്തേണ്ടതാണ്. ഹർജിക്കാരനെതിരെ ഒരു യുവതി കൂടി പൊലീസിൽ പരാതി നൽകിയെന്നും മറ്റൊരു പരാതിക്ക് സാദ്ധ്യയുണ്ടെന്നും വാദമുയർന്നു. എന്നാൽ അത് ഈ ഹർജിയുടെ പരിഗണനാവിഷയമല്ലെന്ന് കോടതി പറഞ്ഞു.

വ്യക്തിയുടെ ഭാവി

തകർക്കുന്ന പ്രവണത

ഹർജിക്കാരൻ ഉയർന്നു വരുന്ന പാട്ടുകാരനാണെന്ന് കോടതി ഉത്തരവിൽ പരാമർശിക്കുന്നു. പരസ്പര സമ്മതത്തോടെയുണ്ടായ ബന്ധം ബ്രേക്കപ്പിന്റെ പേരിൽ ക്രിമിനൽ നടപടിക്കും അറസ്റ്റിനും കാരണമാകുന്നത് ഒരു വ്യക്തിയുടെ ഭാവി തകർക്കുന്ന പ്രവണതയാണ്. ധാർമ്മിക മൂല്യങ്ങളല്ല, നിയമവശങ്ങളാണ് ഇത്തരം കേസുകൾ തീർപ്പാക്കുന്നതിന് മാനദണ്ഡം.