സാധാരണക്കാര്‍ക്ക് ആശ്വാസം, സ്ഥിരമായി ഉപയോഗിക്കുന്ന നിരവധി സാധനങ്ങളുടെ വില കുത്തനെ താഴേക്ക്?
കൊച്ചി:ചരക്കുസേവന നികുതി(ജി.എസ്.ടി) കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ഗണ്യമായി താഴാന്‍ സഹായിച്ചേക്കും. 12ശതമാനം, 28 ശതമാനം നികുതി സ്ലാബുകള്‍ ഒഴിവാകുന്നതോടെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന പ്രധാന ഉത്പന്നങ്ങളുടെയെല്ലാം വില ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തുന്നത്. ബിസിനസ് ക്ളാസിലെ വിമാന യാത്ര മുതല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ വരെ കുറവുണ്ടാകാന്‍ ജി.എസ്.ടി പരിഷ്‌കരണം സഹായമാകും. ഒക്ടോബറില്‍ പുതിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തിലാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയിരുന്നത്. ജി.എസ്.ടി പരിഷ്‌കരണം ഉത്സവകാല വിപണിയെ സാരമായി ബാധിക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്കുണ്ട്.
സെപ്തംബര്‍ 3,4 തീയതികളില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് വെല്ലുവിളിയെ നേരിടാനും വിപണിയില്‍ ഉണര്‍വേകാനുമാണ് ജി.എസ്.ടിയില്‍ മാറ്റം വരുത്തുന്നത്. ഇതിലൂടെ 12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെയും നികുതി 18 ആകും. ഇതോടെ മരുന്നുകള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും.
ഉത്പന്നം - നിലവിലുള്ളത് - വരുന്നത്
ബിസിനസ് ക്ലാസ് യാത്ര - 12%- 5%
7000രൂപയില്‍ താഴെയുള്ള ഹോട്ടല്‍- 12% - 5%
1200 സി.സിയില്‍ താഴെയുള്ള
പെട്രോള്‍, ഡീസല്‍ കാര്‍- 28%, 1-3% സെസ് - 18%
350 സിസിയില്‍ താഴെയുള്ള
മോട്ടോര്‍ വാഹനങ്ങള്‍- 28% - 18%
1000രൂപയില്‍ താഴെയുള്ള
ചെരുപ്പുകള്‍- 12% - 5%
1000 രൂപയില്‍ മേലുള്ള തുണിത്തരങ്ങള്‍ - 12% - 5%
ആരോഗ്യ ഇന്‍ഷ്വറന്‍സ് - 18% - 5% അല്ലെങ്കില്‍ ഉണ്ടാവില്ല
നെയ്യ് - 12 % - 5%