ഓണത്തിന് വാരിക്കോരി; ചെലവ് 19575കോടി #പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രനയങ്ങളിൽ കുടുങ്ങി സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് കുപ്രചരണം മാത്രമാണെന്നും ചെലവ് ക്രമപ്പെടുത്തിയും നികുതി വരവ് വർദ്ധിപ്പിച്ചും സംസ്ഥാനം അതിജീവിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓണം സമൃദ്ധമായി ആഘോഷിക്കും.ഇതിനായി 19575കോടിരൂപയുടെ ആനുകൂല്യങ്ങളാണ് ജനങ്ങൾക്ക് നൽകിയതെന്ന് കണക്കുകൾ നിരത്തി മുഖ്യമന്ത്രി പറഞ്ഞു.
ശമ്പളം, ബോണസ്, പെൻഷൻ, ഫെസ്റ്റിവൽ അലവൻസ്,ഓണം അഡ്വാൻസ്, ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നീ ഇനങ്ങൾക്കായി 12100 കോടി. രണ്ടു ഗഡു ക്ഷേമ പെൻഷൻ നൽകാനായി 1800കോടി. സപ്ലൈകോയ്ക്ക് 262കോടി. ഓണക്കിറ്റ് നൽകാൻ 34.29കോടി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 22കോടി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 52കോടി. വാതിൽപ്പടി റേഷന് 50കോടി. കരാർ ജീവനക്കാർക്ക് ബി.ഡി.എസ് പേമെന്റിന് 300കോടി. പൂട്ടികിടക്കുന്ന കശുവണ്ടിഫാക്ടറി തൊഴിലാളികൾക്ക് 3.46കോടി. ഇത്രയും തുക അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാർക്ക് ഡി.എ.കുടിശികയും പെൻഷൻകാർക്ക് ഡി.ആർ.കുടിശികയും അനുവദിച്ചിട്ടുണ്ട്. എല്ലാ നിയോജകമണ്ഡലങ്ങളിലുംകുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ നൽകാൻ ഓണച്ചന്തകളും കൺസ്യൂമർഫെഡ് വഴി 1800ഓണച്ചന്തകളും കുടുംബശ്രീയുടെ ഓണം ഫെയറുകളും ഹോർട്ടി കോർപ്പിന്റെ പച്ചക്കറി ചന്തകളും കൃഷി വകുപ്പിന്റെ ഓണവിപണികളും സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.