'നിറപ്പൊലിമയും ഓണക്കനിയും' പൂത്ത് കായ്ച്ചു: അടുക്കളയും അത്തപ്പൂക്കളവും മറുനാടനെ പാടെമറന്നു

Thursday 28 August 2025 12:28 AM IST

കൊല്ലം: ഓണമാഘോഷിക്കാൻ മലയാളിക്ക്‌ ഇക്കൊല്ലവും മറുനാടൻ മാർക്കറ്റിനെ ആശ്രയിക്കേണ്ട, സദ്യവട്ടത്തിനും പൂക്കളമൊരുക്കാനും ആവശ്യമുള്ളത് കുടുംബശ്രീ എത്തിക്കും. പൂപ്പാടങ്ങളിലും കൃഷിത്തോട്ടങ്ങളിലും കുടുംബശ്രീ ജില്ലാ മിഷന്റെ അഭിമുഖ്യത്തിൽ വിളവെടുപ്പ് ആരംഭിച്ചു.

ജില്ലയിൽ 435 ജോയിന്റ്‌ ലയബിലിറ്റി ഗ്രൂപ്പുകളിലൂടെ (ജെ.എൽ.ജി) 111.4 ഏക്കറിലാണ് ഇക്കൊല്ലം പച്ചക്കറികളും പൂക്കളും വിളയിച്ചത്‌. കർഷകരുടെ വരുമാനം വ‌ർദ്ധിപ്പിക്കുന്നതിനും ഓണവിപണിയിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിട്ടത്.

പയർ, പാവൽ, വെണ്ട, വഴുതന, പച്ചമുളക്, പടവലം, ചേന, ചേമ്പ്, വെള്ളരി, മത്തൻ തുടങ്ങിയ പച്ചക്കറികളാണ് ഓണത്തിനായി കൃഷി ചെയ്‌തത്‌. മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലികളാണ്‌ പ്രധാന പൂവിനം. കാർഷിക വികസന പ്രവർത്തനങ്ങൾക്ക് ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന അഗ്രി സി.ആർ.പിമാരാണ് (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ) ഓരോ ഗ്രൂപ്പിനും ആവശ്യമായ വിത്തുകളുടെ കണക്ക് ശേഖരിച്ചത്. കുടുംബശ്രീ മിഷന്റെ ഫാം ലെെവ്‌ലി ഹുഡിന്റെ ഭാഗമായാണ് ഓണക്കനി നടപ്പാക്കിയത്. ഒരു ഏക്കറിൽ കൃഷി നടത്തുന്ന യൂണിറ്റുകൾക്ക് 10000 രൂപ റിവോൾവിംഗ് ഫണ്ടും നൽകിയിരുന്നു.

ഇടനിലക്കാരില്ലാതെ നേരിട്ട് വിപണിയിൽ

 കുടുംബശ്രീ വിപണന മേളകളിലും ഓണച്ചന്തകളിലും കർഷകർ നേരിട്ട് വിപണനം

 കൃഷിയിടങ്ങളിലെ മറ്റ്‌ വിളകളും സംരംഭക ഉത്പന്നങ്ങളും വിൽപ്പനയ്ക്ക്

 ജൈവ കൃഷിരീതി പരിസ്ഥിതി സംരക്ഷണത്തിനും സഹായകം

 കുടുംബശ്രീയുടെ ഓണച്ചന്തകളിൽ പൂക്കൾ ലഭ്യം

 ഓണത്തിരക്ക് ലക്ഷ്യമാക്കി പ്രത്യേക വിപണന മേളകളും

 വിളകൾ വിപണിയിലെത്തിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ ഏകോപനം

വിളവെടുപ്പ് നടത്തിയ സി.ഡി.എസുകൾ

വെസ്റ്റ്‌ കല്ലട ശാസ്താംകോട്ട കുന്നത്തൂർ മൈനാഗപ്പള്ളി നിലമേൽ ചിതറ പന്മന പത്തനാപുരം ചാത്തന്നൂർ കല്ലുവാതുക്കൽ പവിത്രേശ്വരം വെട്ടിക്കവല മയ്യനാട് നെടുമ്പന ഇടമുളയ്ക്കൽ അഞ്ചൽ തൊടിയൂർ കരീപ്ര എഴുകോൺ ഈസ്റ്റ്‌ കല്ലട

ജില്ലയിൽ ആകെ കൃഷി

111.4 ഏക്കർ

പൂ വിളവെടുപ്പ്

3.41 ഏക്കറിൽ

ജെ.എൽ.ജി: 435

അംഗങ്ങൾ: 1736

ഓണക്കൃഷി വിളവെടുപ്പ് തുടങ്ങി. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ കൃഷി ഇറക്കുകയാണ് ലക്ഷ്യം.

കുടുംബശ്രീ അധികൃത‌ർ