പ്രതിയെ വെറുതെവിട്ടു

Thursday 28 August 2025 12:29 AM IST

കൊല്ലം: കർണാടകയിൽ മാത്രം വിൽക്കാവുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം അനധികൃതമായി കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതിയെ കൊല്ലം പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി ജഡ്ജ് എം.എസ്.ഉണ്ണിക്കൃഷ്ണൻ വെറുതെവിട്ടു. കൊല്ലം റെയിൽവേ പൊലീസ് 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം കഴക്കൂട്ടം കൈലാസത്തിൽ അനിൽകുമാറിനെയാണ് കോടതി വെറുതെ വിട്ടത്. കൊവിഡ് മഹാമാരിയുടെ സമയത്താണ് കേസിനാസ്പദമായ സംഭവം. രണ്ട് ബാഗുകളിലായി രേഖകളില്ലാതെ വിദേശ മദ്യം കടത്തിയെന്നാണ് കേസ്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിയെ മദ്യവുമായി പിടികൂടിയത്. പ്രതിക്കുവേണ്ടി അഭിഭാഷകനായ കണ്ണനല്ലൂർ എസ്.അബ്ദുൾ ഖരീം കോടതിയിൽ ഹാജരായി.