കേരളപുരം ഷാജില വധക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
കൊല്ലം: വീട്ടമ്മയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേരളപുരം അഞ്ചുമുക്ക് ഒമർ കോട്ടേജിൽ ഷാജിലയെ (42) കൊലപ്പെടുത്തിയ കേസിൽ ഇളമ്പള്ളൂർ കേരളപുരം കുന്നുംപുറത്ത് വീട്ടിൽ അനീഷ് കുട്ടിയെയാണ് (35) കൊല്ലം അഞ്ചാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
പ്രതി ശല്യം ചെയ്തത് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2019 ഡിസംബർ 11ന് രാവിലെ 9നായിരുന്നു സംഭവം. ഏഴ് വയസുകാരിയായ മകളെ സ്കൂൾ ബസ് കയറ്റിവിട്ട ശേഷം മടങ്ങുകയായിരുന്ന ഷാജിലയെ തടഞ്ഞുനിറുത്തി പ്രതി മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കേരളപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഷാജിലയെ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഷാജിലയുടെ കഴുത്തിലും നെഞ്ചിലും വയറ്റിലും അടക്കം 41 മുറിവുകളുണ്ടായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കൊലപാതകത്തിന് മുമ്പ് 2018 ഏപ്രിലിൽ ഷാജിലയെ പ്രതി ആക്രമിച്ചതിന് കുണ്ടറ പൊലീസ് കേസെടുത്ത് പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ഷാജിലയുടെ കുടുംബത്തിന് പ്രതി മാപ്പ് എഴുതിക്കൊടുത്ത് കേസ് അവസാനിപ്പിച്ചു. അതിനുശേഷവും പ്രതി നിരന്തരമായി ഷാജിലയെയും കുടുംബത്തെയും ശല്യപ്പെടുത്തി. ഷാജിലയും കുടുംബവും വീട് വിറ്റ് പോകുന്നതിനും ആലോചിച്ചിരുന്നു. ഷാജിലയെയും മക്കളെയും കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി ഷാജിലയുടെ മകൻ ഒമർ കോടതിയിൽ മൊഴി നൽകിയിരുന്നു.
ദൃക്സാക്ഷികൾ കൂറുമാറി
കൊലപാതകം നേരിൽ കണ്ട ദൃക്സാക്ഷികൾ കൂറുമാറിയിരുന്നു. വിചാരണ ആരംഭിക്കുന്നതിന് മുമ്പ് 50 ലക്ഷം രൂപയ്ക്ക് വസ്തു വിറ്റ പ്രമാണം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതി സാക്ഷികളെ സ്വാധീനിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചു. പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ അന്നത്തെ കുണ്ടറ ഇൻസ്പെക്ടർ പി.വി.രമേഷ് കുമാർ പിടികൂടുകയായിരുന്നു. തുടർന്നെത്തിയ സർക്കിൾ ഇൻസ്പെക്ടർ ജയകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. 68 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം 9 സാക്ഷികളെ വിസ്തരിച്ചു. കൊല്ലപ്പെട്ട ഷാജിലയുടെ രക്തം പ്രതിയുടെ വസ്ത്രത്തിൽ കണ്ടെത്തിയത് സുപ്രധാന സാഹചര്യ തെളിവായി.
മുൻ ഗവ. ജില്ലാ പ്ലീഡർ അഡ്വ. ആർ.സേതുനാഥായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ, പബ്ലിക് പ്രോസിക്യൂട്ടർ ജയകമലാസനൻ, അഡ്വ.മിലൻ, എം.മാത്യു, അഡ്വ, എസ്.പി.പാർത്ഥസാരഥി, അഡ്വ. ബി.അമിന എന്നിവരും പ്രോസിക്യൂഷന് വേണ്ടി ഹാജരായി.