ജില്ലയിലെ റേഷൻ കടകളിൽ മണ്ണെണ്ണയ്ക്ക് ഓണത്തല്ല്
കൊല്ലം: കേന്ദ്ര സർക്കാർ അനുവദിച്ച മണ്ണെണ്ണ പൂർണമായി ഏറ്റെടുത്ത് ജില്ലയിലെ റേഷൻകടകൾക്ക് കൈമാറിയെങ്കിലും പകുതിയോളം കാർഡുടമകൾക്ക് മണ്ണെണ്ണ വിഹിതം കിട്ടിയില്ല. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തെ മണ്ണെണ്ണ കേന്ദ്രം അനുവദിച്ചെങ്കിലും സംസ്ഥാനം ഏറ്റെടുത്തിരുന്നില്ല. ഇതോടെ വിഹിതം ലാപ്സായി.
തുടർന്ന് ജൂലായിൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തെ മണ്ണെണ്ണ അനുവദിച്ചു. എന്നാൽ സർക്കാർ നിർദ്ദേശ പ്രകാരം ആദ്യമെത്തിയവർക്ക് മാർച്ച്- ജൂൺ പാദത്തിലെ വിഹിതം കൂടി ഏറ്റെടുത്ത, ജൂലൈയ്- സെപ്തംബർ വിഹിതത്തിൽ നിന്ന് നൽകിയതാണ് പകുതി പേർക്ക് കിട്ടാത്ത സാഹചര്യം സൃഷ്ടിച്ചത്.
എ.എ.വൈ കാർഡുകാർക്ക് ഒരു ലിറ്റർ, വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് ആറ് ലിറ്റർ, ബാക്കിയുള്ളവർക്ക് അര ലിറ്റർ എന്നിങ്ങനെയാണ് മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണ വിഹിതം. എന്നാൽ സർക്കാർ നിർദ്ദേശ പ്രകാരം എ.എ.വൈ കാർഡുകാർക്ക് കഴിഞ്ഞ പാദത്തിലെ വിഹിതം കൂടി ചേർത്ത് രണ്ട് ലിറ്ററും ബാക്കിയുള്ളവർക്ക് ഒരു ലിറ്ററും കൂടി നൽകുകയായിരുന്നു. ഇതോടെ മാസാവസാനം റേഷൻകടകളിൽ എത്തിയവർക്ക് ഈ പാദത്തിലെ മണ്ണെണ്ണ കൊടുക്കാൻ സ്റ്റോക്ക് ഇല്ലാത്ത അവസ്ഥയായി. ഇനി ഒക്ടോബറിൽ മാത്രമേ അടുത്ത മൂന്ന് മാസത്തേക്കുള്ള വിഹിതം ലഭിക്കൂ.
മണ്ണെണ്ണ ഏറ്റെടുത്ത് നൽകുന്ന ഡീലർമാർ കുറവായതിനാൽ ഈമാസം പകുതിയോടെയാണ് ജില്ലയിലെ ഭൂരിഭാഗം കടകളിലും മണ്ണെണ്ണ എത്തിയത്. ഏറ്റവും കൂടുതൽ റേഷൻ ഗുണഭോക്താക്കളുള്ള കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലാണ് വിതരണം കൂടുതൽ വൈകിയത്. അതുകൊണ്ട് തന്നെ മാസാദ്യം എത്തിയവർക്ക് മണ്ണെണ്ണ കിട്ടിയില്ല. മാസാവസാനം വീണ്ടും എത്തിയപ്പോൾ സ്റ്റോക്ക് തീർന്നെന്ന മറുപടിയാണ് പലർക്കും കിട്ടിയത്. ഇതിനെ ചൊല്ലി കാർഡുടമകളും കടക്കാരും തമ്മിൽ തർക്കം പതിവായിരിക്കുകയാണ്.
കിട്ടാത്ത വിഹിതവും നൽകി
ആദ്യമെത്തിയവർക്ക് എറ്റെടുക്കാതിരുന്ന ഏപ്രിൽ- ജൂൺ മാസത്തെ വിഹിതവും നൽകി
പകുതി പേർക്ക് നൽകിയപ്പോൾ കാത്തിരുന്നെത്തിയ മണ്ണെണ്ണ തീർന്നു
വൈകിയെത്തിയവർക്ക് മണ്ണെണ്ണ കിട്ടിയില്ല
എ.എ.വൈ കാർഡുകാർക്ക് ഒരു ലിറ്റർ മറ്റ് വിഭാഗക്കാർക്ക് അര ലിറ്റർ
ലിറ്ററിന് ₹ 65 ജില്ലയിൽ റേഷൻ കാർഡുകൾ-797045 എ.എ.വൈ കാർഡുകൾ-7543
ഇപ്പോൾ മണ്ണെണ്ണ ലഭിക്കാത്തവർക്ക് അടുത്ത പാദത്തിലെ വിഹിതം ലഭിക്കുമ്പോൾ വിതരണം ചെയ്യും.
പൊതുവിതരണ വകുപ്പ് അധികൃതർ