ബംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കും തിരിച്ചും റെയില്‍വേയുടെ സമ്മാനം

Thursday 28 August 2025 1:17 AM IST
railway

ചെന്നൈയില്‍ നിന്ന് ഇന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

പാലക്കാട്: ഓണാവധിക്ക് മറുനാട്ടിലെ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ആഗസ്റ്റ് 29ന് കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്കും 30ന് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കുമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ട്രെയിനില്‍ ഒരു എ.സി ടു ടയര്‍ കോച്ച്, മൂന്ന് എ.സി ത്രി-ടയര്‍ കോച്ച്, 14 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, രണ്ട് സെക്കന്‍ഡ് ക്ലാസ് കം ബ്രേക്ക് വാന്‍ കോച്ച് എന്നിവയുണ്ട്. സ്‌പെഷ്യല്‍ ട്രെയിനിന് ഇരുവശത്തേക്കും ഓരോ സര്‍വീസ് വീതമാണുള്ളത്.

ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള ഓണം യാത്രാത്തിരക്ക് ഇന്നാരംഭിക്കും. കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളിലെ ടിക്കറ്റുകള്‍ മാസങ്ങള്‍ക്കു മുമ്പേ വെയ്റ്റിംഗ് ലിസ്റ്റില്‍ ആയിരുന്നു. കേരള, കര്‍ണാടക ആര്‍.ടി.സി ബസുകളിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഓണത്തിരക്കില്‍ രണ്ട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളും കേരളത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സ്‌പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌പെഷ്യല്‍ ട്രെയിന്‍ സമയക്രമം: നാളെ രാത്രി 9.30നു കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍(നമ്പര്‍ 06125) 30ന് രാവിലെ 11 മണിക്ക് ബെംഗളൂരുവിലെത്തും. തലശേരി(9.53), വടകര(10.20), കോഴിക്കോട്(11.10), തിരൂര്‍(11.48), ഷൊര്‍ണൂര്‍(12.35), പാലക്കാട്(1.15), പോത്തന്നൂര്‍(2.40), തിരൂപ്പൂര്‍(3.18), ഈറോഡ്(4.10), സേലം(5.30), ബെംഗാര്‍പേട്ട്(8.50), കെ.ആര്‍.പുരം(9.35) എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ട്.

ആഗസ്റ്റ് 30ന് രാത്രി ഏഴിന് ബെംഗളൂരുവില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍(നമ്പര്‍ 06126) ഞായറാഴ്ച രാവിലെ 7.15ന് കണ്ണൂരിലെത്തും. കെ.ആര്‍.പുരം(7.11), ബെംഗാര്‍പേട്ട്(8.00), സേലം(10.30), ഈറോഡ്(11.35), തിരുപ്പൂര്‍(12.23), പോത്തന്നൂര്‍(1.03), പാലക്കാട്(2.22), ഷൊര്‍ണൂര്‍(3.25), തിരൂര്‍(4.08), കോഴിക്കോട്(4.52), വടകര(5.29), തലശേരി(5.48).

ചെന്നൈ-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന്

ചെന്നൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍(06009) ഇന്ന് സര്‍വീസ് നടത്തും. രാത്രി 11.55ന് പുറപ്പെടുന്ന ട്രെയിന്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. തിരുവള്ളൂര്‍(12.28), ആരക്കോണം(12.53), കട്ട്പാടി(1.43), ജോലാര്‍പേട്ട്(3.08), സേലം(5.05), ഈറോഡ്(6.20), തിരൂപ്പൂര്‍(7.08), പോത്തന്നൂര്‍(8.15), പാലക്കാട്(9.32), ഷൊര്‍ണൂര്‍(10.20), തിരൂര്‍(11.08), കോഴിക്കോട്(11.50), വടകര(12.33), തലശേരി(12.53) എന്നിങ്ങനെയാണ് ട്രെയിന്‍ വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയം.