യാത്ര അയപ്പ് ചടങ്ങ് അനുശോചന യോഗമായി
തിരുവനന്തപുരം: എ.ഡി.ജി.പി മഹിപാൽ യാദവിന് പൊലീസ് ആസ്ഥാനത്ത് നൽകാനിരുന്ന ഔദ്യോഗിക യാത്രഅയപ്പ് ചടങ്ങ് അനുശോചന യോഗമായി മാറി. ശനിയാഴ്ച വിരമിക്കുന്ന മഹിപാലിന് ഇന്നലെ വൈകിട്ട് നാലിന് പൊലീസ് ആസ്ഥാനത്ത് സേനയുടെ ഔദ്യോഗിക യാത്രഅയപ്പ് നിശ്ചയിച്ചിരുന്നു. രാജസ്ഥാനിലെ ജയ്പൂരിൽ ചികിത്സയിലായതിനാൽ ഓൺലൈനിൽ പങ്കെടുക്കുമെന്നും കുടുംബാംഗങ്ങൾ പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തുമെന്നുമാണ് ഒടുവിൽ അറിയിച്ചിരുന്നത്. എന്നാൽ, ഇന്നലെ രാവിലെ മഹിപാലിന്റെ വിയോഗവാർത്തയാണെത്തിയത്.
ലഹരിവിപത്തുകൾ നേരിടാനുള്ള നടപടികൾ വിശദീകരിച്ച് മേയ് അവസാനം 'കേരളകൗമുദിക്ക്' അഭിമുഖം നൽകിയിരുന്നു. അപ്പോഴെല്ലാം ആരോഗ്യവാനായിരുന്ന മഹിപാൽ ജൂൺ പകുതിയോടെയാണ് ആശുപത്രിയിലായത്.
യാത്രഅയപ്പ് ചടങ്ങിനായി ഫെയർവെൽ വീഡിയോ തയ്യാറാക്കാനായി പൊലീസ് ആസ്ഥാനത്തു നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച മഹിപാലിന്റെ മകനെ ബന്ധപ്പെട്ടിരുന്നു. അസുഖം ഭേദമാവുന്നുണ്ടെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നുമായിരുന്നു മകൻ അറിയിച്ചത്. എന്നാൽ, പൊടുന്നനേ രോഗം മൂർച്ഛിക്കുകയായിരുന്നു. മഹിപാൽ ഓൺലൈനിൽ പങ്കെടുക്കുമെന്നറിയിച്ചതിനാൽ യാത്രഅയപ്പ് വീഡിയോയും തയ്യാറാക്കിയിരുന്നു. ഓൺലൈനിൽ പങ്കെടുക്കാനുള്ള ലിങ്ക് ഉദ്യോഗസ്ഥർക്കെല്ലാം അയയ്ക്കുകയും ചെയ്തു. പൊലീസിന്റെ വിവിധ വിഭാഗങ്ങളിലും ബി.എസ്.എഫിലും പ്രവർത്തിച്ച അദ്ദേഹം ഒരു വിവാദങ്ങളിലും ആരോപണങ്ങളിലും കുടുങ്ങിയിരുന്നില്ല.
പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുശോചനയോഗത്തിൽ എ.ഡി.ജി.പിമാരായ പി.വിജയൻ, എസ്.ശ്രീജിത്ത്, എച്ച്. വെങ്കടേശ്, എസ്.പി മെറിൻ ജോസഫ്, മുൻ ഡി.ജി.പിമാരായ ലോക്നാഥ് ബെഹറ, ഹോർമീസ് തരകൻ, ഹരിനാഥ് മിശ്ര തുടങ്ങിയവർ പങ്കെടുത്തു.
സത്യസന്ധനായ ഓഫീസർ: മുഖ്യമന്ത്രി
ഔദ്യോഗിക ജീവിതത്തിലുടനീളം സത്യസന്ധതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും പുലർത്തിയ ഉദ്യോഗസ്ഥനായിരുന്നു മഹിപാൽ യാദവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സർക്കാരിന്റെ നയങ്ങളും പ്രവർത്തനങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. എന്നും അനുകരണീയ മാതൃകയായി നിലകൊണ്ട അദ്ദേഹത്തിന് ഹൃയപൂർവം അന്ത്യാഞ്ജലി അർപ്പിക്കുന്നു.