ഭൂപതിവ് ഭേദഗതി : നിർമ്മാണ പ്രതിസന്ധി മാറുമെങ്കിലും ഭഗീരഥ പ്രയത്‌നം വേണ്ടിവരും

Thursday 28 August 2025 1:20 AM IST

തൊടുപുഴ: ഭൂപതിവ് ഭേദഗതി നിയമത്തിന് രണ്ടു വർഷത്തിന് ശേഷം ചട്ടം രൂപീകരിച്ചതോടെ വർഷങ്ങളായി മലയോര മേഖലയെ പ്രതിസന്ധിയിലാക്കിയ നിർമ്മാണ നിരോധനത്തിന് അറുതിയാവും.

പക്ഷേ, രണ്ട് പതിറ്രാണ്ടിനിടെ നൽകിയ പട്ടയങ്ങൾക്ക് മാത്രമാണ് കമ്പ്യൂട്ടർവൽക്കരിച്ച രേഖകൾ റവന്യൂ വകുപ്പിന്റെ കൈവശമുള്ളത്. അതിന് മുമ്പുള്ളവയുടെ പലരേഖകളും ഭൂപതിവ് ഓഫീസുകളിലും ലഭ്യമല്ല. നിർമ്മാണങ്ങൾ നിയമപരമാക്കാൻ അനുമതി നൽകുന്നതോടെ ആയിരക്കണക്കിന് അപേക്ഷകൾ ഓരോ താലൂക്കിലുമെത്താം. പട്ടയങ്ങളിലെ വ്യാജനും ഒറിജിനലും തിരിച്ചറിയാൻ ഏറെ പണിപ്പെടേണ്ടി വരും. നിയമ പോരാട്ടവും നടക്കാം.

1960ലെ നിയമം അനുശാസിക്കുന്ന വിധം പട്ടയം ലഭിച്ചവർക്ക് നിയന്ത്രണങ്ങൾ മറികടന്ന് ഭൂവിനിയോഗം സാധ്യമാക്കുന്ന തരത്തിലാണ് ഭേദഗതി . പ്രാബല്യത്തിൽ വരുന്ന അന്നു വരെ പട്ടയം ലഭിച്ച എല്ലാവരുടെയും ഭൂമിയിൽ നടത്തിയിട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ സാധൂകരിക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്താത്തവർക്ക് അതിനുള്ള അനുമതിയും ലഭ്യമാകും.

1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യൂ ഭൂമി പതിച്ചു നൽകുന്നതിനായി കാെണ്ടുവന്നതാണു ഭൂപതിവ് നിയമം. 1964ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് നിർമ്മാണ നിരോധനത്തിലേക്ക് നയിച്ചത്.

പരിഹാരമായി 2023 സെപ്തംബർ 14ന് നിയമസഭ പാസാക്കിയ ബിൽ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഏഴ് മാസത്തോളം തടഞ്ഞുവച്ച ശേഷം കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഒപ്പിട്ടത്.

മൂന്നാറിൽ തുടങ്ങിയ നിരോധനം

# 2010ൽ മൂന്നാറിലെ റവന്യൂ ഭൂമി കൈയേറ്റവും അനധികൃത നിർമാണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചതാണ് നിർമ്മാണ നിരോധനത്തിന്റെ തുടക്കം. മൂന്നാറിൽ നിർമ്മാണ അനുമതിക്ക് റവന്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രം കൂടി വേണമെന്ന് കോടതി ഉത്തരവിട്ടു.

# റവന്യൂ വകുപ്പ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ മൂന്നാർ മേഖലയിലുൾപ്പെടുന്ന എട്ട് വില്ലേജുകളുടെ പട്ടികയിൽ മൂന്നാറിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ആനവിലാസം വില്ലേജും 40 കിലോമീറ്റർ അകലെയുള്ള ശാന്തമ്പാറ വില്ലേജും ഉൾപ്പെട്ടു.

# ചില വില്ലേജുകളിൽ മാത്രം എൻ.ഒ.സി നിർബന്ധമാക്കിയത് വിവേചനപരമാണെന്നും റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി അതിജീവന പോരാട്ട വേദി ഹൈക്കോടതിയെ സമീപിച്ചു. കോടതി സർക്കാരിനോട് വിശദീകരണം തേടി. ഭൂപതിവ് ചട്ട പ്രകാരം ഇടുക്കി ജില്ലയിലാകെ നിർമ്മാണ നിയന്ത്രണം ബാധമാക്കി റവന്യൂ വകുപ്പ് 2019 ആഗസ്റ്റ് 22ന് ഉത്തരവിറക്കി.

# സംഘടന വീണ്ടും കോടതിയെ സമീപിച്ചതോടെ, ചട്ടങ്ങൾ സംസ്ഥാനത്താകെ ബാധകമാണെന്ന് സർക്കാർ സത്യവാങ്മൂലം നൽകി. ഇതോടെ, സംസ്ഥാനത്താകെ ബാധകമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീംകോടതിയും ശരിവച്ചതോടെ നിയമ ഭേദഗതിക്ക് സർക്കാർ നിർബന്ധിതരാവുകയായിരുന്നു.