അദാലത്ത് വിജയം 6.6 ലക്ഷം ഫയൽ തീർപ്പാക്കി
തിരുവനന്തപുരം: ജൂലായ് ഒന്നിന് തുടങ്ങിയ അദാലത്തുവഴി ഇതുവരെ 53.87% ഫയലുകൾ തീർപ്പാക്കാനായി. കെട്ടിക്കിടക്കുന്ന 60% ഫയലുകളെങ്കിലും ഈമാസം 31നകം തീർപ്പാക്കാനാണ് ലക്ഷ്യമിട്ടത്.
ജീവനക്കാരുടെ നല്ല സഹകരണമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവരെ അഭിനന്ദിക്കുകയും ചെയ്തു.
പൊതുജനങ്ങളുമായി ഏറെ ബന്ധപ്പെട്ട് നിൽക്കുന്ന ചില വകുപ്പുകൾ അദാലത്തിൽ പിന്നാക്കം പോയത് പ്രത്യേകം പരിശോധിക്കും. ചീഫ് സെക്രട്ടറി നടത്തുന്ന പ്രതിമാസ യോഗങ്ങളിൽ ഇതിന്റെ പുരോഗതി തുടർച്ചയായി വിലയിരുത്തും. ഫയൽ അദാലത്തിനായി തയ്യാറാക്കിയ പോർട്ടൽ തുടർ സംവിധാനമായി നിലനിറുത്തും. മൂന്ന് മാസത്തിന് ശേഷം പുരോഗതി വീണ്ടും വിലയിരുത്തും.
സെക്രട്ടേറിയറ്റിൽ 11 വകുപ്പുകൾ 60 ശതമാനത്തിൽ അധികം ഫയലുകൾ തീർപ്പാക്കി. 30 വകുപ്പുകൾ 40 - 50 ശതമാനം തീർപ്പാക്കി. എന്നാൽ 8 വകുപ്പുകളിലെ പുരോഗതി 20 - 40 ശതമാനം മാത്രമാണ്. ഡയറക്ടറേറ്റുകളിൽ 48 വകുപ്പുകൾ 60 ശതമാനത്തിലധികം പുരോഗതി നേടി. 36 വകുപ്പുകൾ 40 ശതമാനത്തിലധികവും തീർപ്പാക്കി.
പുരോഗതി ഇങ്ങനെ
(സ്ഥാപനങ്ങൾ, കെട്ടിക്കിടന്നത്,തീർപ്പാക്കിത്, ശതമാനം)
സെക്രട്ടേറിയറ്റ്: 3,04,960 -1,42,201 - 46.63%
ഡയറക്ട്രേറ്റുകൾ: 9,09,678 -5,06,718 - 55.7%
മറ്റ് സ്ഥാപനങ്ങൾ: 28,301 - 20,668 - 73.03%
ആകെ ഫയലുകൾ
12,42,939
തീർപ്പാക്കിയത്
6,69,587 (53.87%)