മേപ്പാടി തുരങ്കപ്പാത നിർമ്മാണം 31 മുതൽ

Thursday 28 August 2025 1:24 AM IST

തിരുവനന്തപുരം: വയനാട് ചുരത്തിന് ബദലായുള്ള മേപ്പാടി തുരങ്കപ്പാതയുടെ നിർമ്മാണം 31ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആനക്കാംപൊയിലിൽ നിന്ന് തുടങ്ങി കള്ളാടി വഴി മേപ്പാടി വരെയാണ് പാത. നിർമ്മാണത്തിനുള്ള 2134.5 കോടി കിഫ്ബിയാണ് കണ്ടെത്തുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് നിർമ്മാണച്ചുമതല.

8.73 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 8.1 കിലോമീറ്ററും ഇരട്ട ടണലാണ്. പദ്ധതിക്കായി 33 ഹെക്ടർ ഭൂമി വേണ്ടിവരും. ഇതിൽ വനഭൂമിയും 90 ശതമാനം സ്വകാര്യഭൂമിയും കൈമാറി. രണ്ടുഘട്ടമായാണ് നിർമ്മാണം. ഒന്നാംഘട്ടത്തിലെ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം നടക്കുകയാണ്. രണ്ടാംഘട്ടത്തിലാണ് തുരങ്കനിർമ്മാണം തുടങ്ങുന്നത്.

തുരങ്കപ്പാത പൂർത്തിയാകുന്നതോടെ ആനക്കാംപൊയിലിൽ നിന്ന് 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താം. കേരളത്തിൽ നിന്ന് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. ചുരം വഴിയുള്ള ദുരിത യാത്രയ്‌ക്കും അറുതിയാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിനായുള്ള ചരിത്രനേട്ടം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.