പൂരംകലക്കൽ വിവാദം തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മന്ത്രി രാജൻ
Thursday 28 August 2025 1:24 AM IST
തിരുവനന്തപുരം: പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് മന്ത്രി കെ.രാജൻ. മന്ത്രി ഫോൺവിളിച്ചാൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ എടുക്കാതിരിക്കുന്നത് ശരിയല്ല. അന്വേഷണ ഏജൻസി മുമ്പാകെ താൻ ഇക്കാര്യത്തിൽ മൊഴി നൽകിയിട്ടുണ്ട്. അതിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എം.ആർ.അജിത്ത് കുമാറിനെ രക്ഷപ്പെടുത്താനുള്ള എന്തെങ്കിലും നീക്കം സർക്കാർ നടത്തുന്നതായി കരുതുന്നില്ല. ഞങ്ങളും കൂടി ഉൾപ്പെട്ടതാണല്ലോ സർക്കാർ. അത്തരം എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാവുമെന്ന് കരുതുന്നില്ല. തൃശൂരിൽ ലുലുവുമായി ബന്ധപ്പെട്ട വിഷയം കോടതിയിലായതിനാൽ മന്ത്രി എന്ന നിലയ്ക്ക് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.