ഐ.ഡി.എസ്.എഫ്.എഫ്.കെ: മികച്ച ലോംഗ് ഡോക്യുമെന്ററി ദളിത് സുബ്ബയ്യ

Thursday 28 August 2025 1:28 AM IST

തിരുവനന്തപുരം: 17-ാമത് രാജ്യാന്തര ഡോക്യുമെന്ററി,​ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ലോംഗ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ഗിരിധരൻ എം.കെ.പി നിർമ്മിച്ച തമിഴ് ഡോക്യുമെന്ററി ദളിത് സുബ്ബയ്യയ്ക്ക്. രണ്ട് ലക്ഷം രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. കഥേതര വിഭാഗത്തിൽ മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി ശിവക്രിഷിന്റെ അമ്മാസ് പ്രൈഡും കഥാ വിഭാഗത്തിൽ ആദിത്യ രാജ് ഭാർഗവിന്റെ ഒൺലി ടു യു ഐ സറണ്ടറും പുരസ്കാരം നേടി. സംവിധായകൻ രാകേഷ് ശർമ്മയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും സമ്മാനിച്ചു.

ശ്രുതിൽ മാത്യുവിന്റെ ഉറ ആണ് മികച്ച ക്യാമ്പസ് ചിത്രം. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ റായിത്ത് ഹഷ്മത്ത് ഖാസിയുടെ ആൻ ഓർഫനേജ് ഒഫ് മെമ്മറീസ് രണ്ടാം സ്ഥാനത്തിനും അഭിലാഷ് സെൽവമണിയുടെ പേച്ചി പ്രത്യേക പരാമർശത്തിനും അർഹരായി. ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ രണ്ടാമത്തെ പുരസ്കാരം ഓംകാർ ഖണ്ഡകലെയുടെ (മറാത്തി)​ ആൻ ഇവഞ്ച്വൽ കലാമിറ്റി ഒഫ് ടൈമിനാണ്. മികച്ച എഡിറ്റിംഗിനുള്ള കുമാർ ടോക്കീസ് അവാർഡും ഈ ഡോക്യുമെന്ററിക്കാണ്.

രണ്ടാമത്തെ ലോംഗ് ഡോക്യുമെന്ററി പുരസ്കാരം ശങ്കർ ഗൗഡിന്റെ നെഗറ്റീവ് റെമോഴ്സ് നേടി. ശിഷാബ് ഓങ്ങല്ലൂരിന്റെ റിക്കാർഡ് ഡാൻസും ബിഗ്യാന ദഹാലിന്റെ സൈക്കിൾ മഹാഷും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി. ഗുർവീന്ദർ സിംഗ്,​ രൺജിത്ത് റെ എന്നിവർ അദ്ധ്യക്ഷരായ ജൂറികളാണ് പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്. മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു.