കോപ്പി അടിച്ച എസ്.എഫ്.ഐ നേതാവിന് പുനഃപ്രവേശനം
തിരുവനന്തപുരം: മൊബൈൽ ഫോണിലൂടെ പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിനു ഡീബർ ചെയ്ത എസ്.എഫ്.ഐ നേതാവിന് ബിരുദകോഴ്സിൽ പുനഃപ്രവേശനം നൽകിയെന്ന് പരാതി. കാര്യവട്ടം ഗവ. കോളേജിലാണ് സംഭവം. 2016ൽ ബി.എസ് സി സ്റ്റാറ്റിസ്റ്റിക്സിന് ചേർന്ന നേതാവ് കഴിഞ്ഞ മാർച്ചിൽ സപ്ലിമെന്ററി പരീക്ഷയ്‌ക്കിടെയാണ് കോപ്പിയടിച്ചെന്ന് കണ്ടെത്തി. തുടർന്ന് 2027വരെ ഡീബാർ ചെയ്തു. ഇയാൾ എസ്.എഫ്.ഐ മുൻ ഏരിയാ സെക്രട്ടറിയാണ്.
കഴിഞ്ഞ ദിവസം നടന്ന സ്‌പോട്ട് അഡ്‌മിഷനിൽ നാലുവർഷ കോഴ്സായ ബി.എസ്‌സി കെമിസ്ട്രിക്ക് കാര്യവട്ടം കോളേജിൽ പ്രവേശനം നൽകി. ഡീബാർ ചെയ്ത വിവരം മറച്ചുവച്ചായിരുന്നു പ്രവേശനം നേടിയത്. കെമിസ്ട്രിക്ക് പ്രവേശനം ലഭിച്ചതോടെ സ്റ്റാറ്റിസ്റ്റിക്സ് കോഴ്സ് പഠിച്ച കാലയളവ് ക്യാൻസൽ ചെയ്യണമെന്നാവശ്യപ്പെട്ട് നേതാവ് പ്രിൻസിപ്പലിന് അപേക്ഷ നൽകി. എന്നാൽ പുനഃപ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വൈസ്ചാൻസലർക്ക് പരാതി നൽകി.
ഉത്തരം എഴുതിയത് വാട്ട്സ്ആപ്പ് വഴി
മാർച്ചിലെ പരീക്ഷയ്ക്കിടെ ഇയാളിൽ നിന്ന് ഇൻവിജിലേറ്റർ ഫോൺ പിടിച്ചെടുത്തിരുന്നു. തുടർന്ന് വിവരം കഴക്കൂട്ടം പൊലീസിലറിയിച്ചു. പൊലീസിന്റെ പരിശോധനയിൽ മറ്റൊരു ഫോൺ കൂടി ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ചോദ്യപേപ്പർ വാട്ട്സ്ആപ്പിലൂടെ സുഹൃത്തിന് അയച്ചിരുന്നു. സുഹൃത്ത് ഉത്തരങ്ങൾ വാട്ട്സ്ആപ്പിൽ മടക്കി അയച്ചെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് സർവകലാശാലയുടെ സ്ഥിരം അച്ചടക്കസമിതിയാണ് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തിയത്.