താമരശ്ശേരി ചുരത്തിലെ മണ്ണടിച്ചിൽ: ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

Thursday 28 August 2025 1:33 AM IST

വൈത്തിരി : മണ്ണടിച്ചിലിനെ തുടർന്ന് ഗതാഗത നിരോധനം ഏർപ്പെടുത്തിയ വയനാട് താമരശ്ശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ രാത്രിയോടെ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിന്റ് ഭാഗത്തേക്ക് കയറ്റി വിടുകയും ചെയ്യാൻ തുടങ്ങി.ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. റോഡിൽ വീണ മണ്ണും പാറകളും ബുധനാഴ്ച വൈകിട്ടോടെ നീക്കം ചെയ്തുവെങ്കിലും അപകട സാധ്യത നിലനിൽക്കുന്നതിനാൽ ഗതാഗത നിരോധനം തുടരാൻ തീരുമാനിക്കുകയായിരുന്നു. തുടർച്ചയായി 10 മണിക്കൂർ നീണ്ട പരിശ്രമത്തിനോടുവിലാണ്‌ റോഡിലെ പാറകൾ പൊട്ടിച്ചു നീക്കിയത്. ചുരത്തിൽ അനുഭവപ്പെടുന്ന ശക്തമായ മഴ ദൗത്യത്തിന് തിരിച്ചടിയായി. ഇനിയും പാറകൾ അപകടാവസ്ഥയിലുണ്ട്. ചുരത്തിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയതോടെ നൂറുകണക്കിന് വാഹനങ്ങൾ ആണ്‌ദേശീയപാതയിൽ കുടുങ്ങിയത്.