തെരുവുനായകളുടെ വന്ധ്യംകരണത്തിന് മൊബൈൽ എ.ബി.സി കേന്ദ്രം തുടങ്ങും
മലപ്പുറം: തെരുവ് നായകളെ വന്ധ്യംകരിക്കുന്നതിന് ജില്ലയിൽ മൊബൈൽ എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രം ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത് ബോർഡ് യോഗത്തിൽ തീരുമാനം. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കും മുറയ്ക്ക് പദ്ധതിക്ക് ആവശ്യമായ തുകയും മറ്റ് സൗകര്യങ്ങളും അനുവദിക്കും. മൊബൈൽ എ.ബി.സി പദ്ധതി നടത്തിയുള്ള മുൻപരിചയം മികച്ച നിലയിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നതിന് സഹായകരമാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു. എ.ബി.സി കേന്ദ്രമില്ലാത്ത ഏക ജില്ലയാണ് മലപ്പുറം. എ.ബി.സി കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലത്തിന് വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗ സംരക്ഷണ വകുപ്പും ശ്രമം നടത്തിയിരുന്നെങ്കിലും പ്രാദേശിക എതിർപ്പുകൾ മൂലം എങ്ങുമെത്തിയിട്ടില്ല. മങ്കടയിലെ റവന്യൂ വകുപ്പിന്റെ 50 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രാദേശിക എതിർപ്പുകൾ മൂലം തീരുമാനമായിട്ടില്ല. തെരുവുനായ്ക്കളെ കൂട്ടത്തോടെ ഒരിടത്തേക്ക് കൊണ്ടുവരുന്നത് ജനങ്ങളുടെ എതിർപ്പിന് കാരണമാകുമെന്ന തദ്ദേശ സ്ഥാപനങ്ങളുടെ ആശങ്കയാണ് സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രധാന തടസ്സം. 94 ഗ്രാമപഞ്ചായത്തുകളും 12 നഗരസഭകളുമുള്ള മലപ്പുറത്ത് ഒരു സ്ഥിരം എ.ബി.സി കേന്ദ്രത്തിന് പകരം നാലോ അതിലധിമോ എണ്ണം ഉണ്ടെങ്കിൽ മാത്രമേ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാവൂ എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അന്ന് മുടങ്ങിയ പദ്ധതി
2021 ജൂണിൽ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ എ.ബി.സി പദ്ധതി തുടങ്ങിയിരുന്നു. പദ്ധതിയുടെ നടത്തിപ്പുകാരായ എറണാകുളത്തെ കുടുംബശ്രീ യൂനിറ്റിന് മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി അനിമൽ വെൽഫെയർ ബോർഡ് അയോഗ്യത കൽപ്പിച്ചതോടെ പദ്ധതി ഉപേക്ഷിക്കാൻ ജില്ല പഞ്ചായത്ത് നിർബന്ധിതരായി. മലപ്പുറം നഗരസഭ, കണ്ണമംഗലം, കുറുവ, പെരിന്തൽമണ്ണ, കോട്ടക്കൽ എന്നിവിടങ്ങളിലെ 3,000ത്തോളം തെരുവുനായകളെ വന്ധ്യംകരിച്ചു. രണ്ടാംഘട്ടത്തിൽ തെന്നല, പൊന്നാനി, പെരുവള്ളൂർ, മുന്നിയൂർ, തിരൂർ, ചേലേമ്പ്ര തദ്ദേശ സ്ഥാപനങ്ങളിൽ പദ്ധതി നടപ്പിലാക്കാൻ നിശ്ചയിച്ച ഘട്ടത്തിലാണ് അനിമൽ വെൽഫെയർ ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ പദ്ധതി മുടങ്ങി. പിന്നീട് പദ്ധതിക്കായി സ്ഥിരം എ.ബി.സി കേന്ദ്രമെന്ന ആവശ്യം ഉയർന്നെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.