ഓണത്തിനൊരുങ്ങി ഖാദി ബോർഡ്; വിറ്റുവരവ് 30 ലക്ഷം കടന്നു

Thursday 28 August 2025 3:00 AM IST

മലപ്പുറം: ഓണത്തോടനുബന്ധിച്ചുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ വിറ്റുവരവ് 30 ലക്ഷം രൂപ കടന്നു. 75 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഖാദി ബോർഡ് ഓണം പ്രമാണിച്ച് ജില്ലയിൽ ലക്ഷ്യമിടുന്നത്. 2025-26 വർഷം ജില്ലയിൽ ആകെ ലക്ഷ്യമിടുന്നത് ഒന്നരക്കോടി രൂപയാണ്. കഴിഞ്ഞ വർഷം ലഭിച്ച ആകെ വിറ്റുവരവായ 1.19 കോടിയിൽ 63 ലക്ഷവും ഓണത്തോടനുബന്ധിച്ചാണ് നേടിയിരുന്നത്. കോട്ടൺ-സിൽക്ക് സാരികൾ, കലംകാരി സാരി, സിൽക്ക് റെഡിമെയ്ഡ് ഷർട്ടുകൾ, ബെഡ്ഷീറ്റ്, സൽവാർ, മുണ്ട്, തോർത്ത്, ടവൽ, കിടക്ക, തലയണ തുടങ്ങിയവയാണ് വിൽപനയ്‌ക്കെത്തിക്കുന്നത്.

25 സ്‌കൂളുകളിലാണ് ഓണത്തോടനുബന്ധിച്ച് നേരിട്ട് പോയി വിൽപന നടത്തിയത്. ഇതിൽ ഓരോ സ്‌കൂളിൽ നിന്നും 60,000-90,000 രൂപയ്ക്കും ഇടയിലുള്ള വിറ്റുവരവ് നേടാൻ സാധിച്ചു. കഴിഞ്ഞ ഓണക്കാലത്ത് മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തിൽ പ്രതീക്ഷിച്ച ലാഭം ലഭിക്കാത്ത സ്ഥിതിയായിരുന്നു. ആഗസ്ത് ഒന്ന് മുതലേ വിപണന മേളകളും ആരംഭിച്ചിരുന്നു. ഖാദി മേളയിൽ സെപ്തംബർ നാല് വരെ 30 ശതമാനം റിബേറ്റിൽ വസ്ത്രങ്ങൾ വാങ്ങാം. ഓരോ 1,000 രൂപ പർച്ചേയ്സിനും സമ്മാനക്കൂപ്പൺ ലഭിക്കും. മെഗാ സമ്മാനമായി ഇലക്ട്രിക് കാർ, ഇലക്ട്രിക് സ്‌കൂട്ടർ, 5,000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകളും ലഭ്യമാണ്.

പെർമനന്റ് ഔട്ട് ലെറ്റുകളിൽ വിപണന മേളകൾ നടത്തുന്നതിനൊപ്പം മലപ്പുറം പ്രസ് ക്ലബ്, ആനമങ്ങാട്, മുണ്ടേരി കൃഷി ഫാം, കോട്ടൂർ സ്‌കൂൾ എന്നിവിടങ്ങളിലെല്ലാം എക്സ്റ്റൻഷൻ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ഖാദി ബോർഡിന് കീഴിൽ 12 നൂൽനൂൽപ്പ് കേന്ദ്രങ്ങളും ഏഴ് നെയ്ത്ത് കേന്ദ്രങ്ങളുമാണുള്ളത്.

വരും ദിവസങ്ങളിൽ കൂടുതൽ വില്പന നടക്കുമെന്നാണ് പ്രതീക്ഷ. മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ വില്പന നടക്കുന്നുണ്ട്. 75 ലക്ഷം രൂപയുടെ വിറ്റുവരവിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹേമകുമാർ, ജില്ലാ ഖാദി ബോർഡ് ഓഫീസ്