പലചരക്ക് പച്ചക്കറി വില കുതിക്കുന്നു
കാളികാവ്: ഓണനാളുകൾ അടുക്കുന്നതിനിടെ പൊതു വിപണിയിൽ വിലക്കുതിപ്പ്. കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ പച്ചക്കറി കൃഷിക്ക് മഴ കനത്ത നാശം വരുത്തിയത് ഇവയുടെ വില വൻതോതിൽ കൂടാനിടയാക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി വരവ് കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചവരെ 20 രൂപയായിരുന്ന തക്കാളി അമ്പതു കടന്നു.
വൻപയർ,കടല ,പച്ചപട്ടാണി എന്നിവയ്ക്കും കുതിപ്പ് തുടരുകയാണ്. നൂറ് രൂപയായിരുന്ന പച്ചപ്പട്ടാണിയുടെ ഇപ്പോഴത്തെ വില 150 രൂപ. 40 രൂപയായിരുന്ന മൈദയ്ക്ക് 50 രൂപയായി. വെളിച്ചെണ്ണയ്ക്ക് പൊതു മാർക്കറ്റിൽ 450 രൂപയാണ്. സപ്‌ളൈകൊയിൽ സബ്‌സിഡിയോടെ 350 രൂപയ്ക്ക് ലഭിക്കും. ചുവന്ന മുളക് 115 ൽനിന്ന് 150 കടന്നു. 650 രൂപയുണ്ടായിരുന്ന അണ്ടിപ്പരിപ്പിന് 900 രൂപയായി. പാമോയിൽ 150, പച്ചക്കറിയിലെ മറ്റൊരു താരമായ ഇഞ്ചിയുടെ വിലയും നൂറ് കടന്നു. പയർ 60, തക്കാളി 50 ,ചെറിയഉള്ളി 50, വെളുത്തുള്ളി 100 എന്നിങ്ങനെയാണ് വില. കഴിഞ്ഞ ഓണക്കാലത്ത് 450 രൂപയുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇത്തവണ വില കുറവാണ്. ഇനിയുള്ള രണ്ടാഴ്ചക്കാലം ഓണവിപണിയിൽ വിലക്കുറവിന് സാദ്ധ്യതയില്ലെന്നിരിക്കെ ഇക്കുറി ഓണമുണ്ണാൻ കൈപൊള്ളുമെന്നുറപ്പ്.
ഓണ വിപണിയെ ലക്ഷ്യമാക്കി നേരത്തെ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നാണ് ചെറുകിടകച്ചവടക്കാർ പറയുന്നത്.
തദ്ദേശസ്ഥാപനങ്ങൾക്കു കീഴിൽ ഓണച്ചന്തകൾ തുടങ്ങിയാൽ അൽപ്പം ആശ്വാസമുണ്ടാകുമെന്നാണ് കണക്കു കൂട്ടൽ.
സിവിൽ സപ്‌ളൈസ് വിതരണം ചെയ്യുന്ന വസ്തുക്കൾക്കും കഴിഞ്ഞ മൂന്നു മാസത്തിനിടെ 30-40 ശതമാനം നേരത്തെ വർദ്ധനവുണ്ടായിട്ടുണ്ട്.
മാവേലി സ്റ്റോറുകളിൽ 13 ഇന സബ്സിഡിയിനത്തിൽ അരിയും പഞ്ചസാരയും വെളിച്ചെണ്ണയുമടക്കം ആറ് ഇനം മാത്രമാണുള്ളത്.
ഓണവിപണിയെ ലക്ഷ്യമാക്കി കൃഷിവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഉത്‌പാദിപ്പിക്കുന്ന നാടൻ പച്ചക്കറി സ്റ്റാളുകൾ ഇക്കുറി എവിടെയും കാണുന്നില്ല.കഴിഞ്ഞ മാസങ്ങളിലെ കനത്തമഴ പച്ചക്കറി ഉത്‌പാദനത്തിന് തടസ്സം നിൽക്കുന്നു.