തൃശൂർ@1
തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലത്തെ രണ്ടാമത്തെ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ മഴ നിയമപ്രകാരം 11 റൺസിന് തോൽപ്പിച്ച് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി തൃശൂർ ടൈറ്റൻസ്.
ആദ്യം ബാറ്റ് ചെയ്ത തൃശൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. മഴയെ തുടർന്ന് റോയൽസിൻ്റെ വിജയലക്ഷ്യം 12 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. എന്നാൽ റോയൽസിന് 12 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 136 റൺസേ നേടാനായുള്ളൂ. മൂന്നോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ തൃശൂരിന്റെ എം.ഡി നിധീഷാണ് കളിയിലെ താരം.
നേരത്തേ മികച്ച ഫോമിലുള്ള ഓപ്പണർ അഹ്മദ് ഇമ്രന്റെെയും (48 പന്തിൽ 98) അക്ഷയ് മനോഹറിന്റെയും (പുറത്താകാതെ 22 പന്തിൽ 54) ഉജ്ജ്വല ഇന്നിങ്സുകളാണ് തൃശൂരിനെ കൂറ്റൻ സ്കോറിൽ എത്തിച്ചത്. 49 പന്തുകളിൽ 13 ഫോറും നാല് സിക്സുമടക്കമാണ് ഇമ്രാൻ 98 റൺസെടുത്തത്.അക്ഷയ് മനോഹർ 7 സിക്സുകൾ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രം 0.2 ഓവറിൽ 2ന്0 എന്ന നിലയിൽ ആയിരിക്കെ മഴമൂലം മത്സരം നിറുത്തി വയ്ക്കേണ്ടി വന്നു. തുടർന്ന് പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ട്രിവാൻഡ്രത്തിനായി ഗോവിന്ദ് പൈ (26 പന്തിൽ 63) പൊരുതിയെങ്കിലും വിജയം നേടാനായില്ല. ഗോവിന്ദ് പൈയുടെ വിക്കറ്റും നിധീഷിനാണ്.