കൊച്ചിയെ കൊന്ന് കാലിക്കറ്റ്
തിരുവനന്തപുരം : കെ.സി.എല്ലിൽ റൺമഴ പെയ്‌ത ഇന്നലത്തെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് 33 റൺസിന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന റെക്കാഡ് സ്കോർ നേടി. മറുപടിക്കിറങ്ങിയ കൊച്ചി 19-ാം ഓവറിൽ 216 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കാലിക്കറ്റിൻ്റെക്യാപ്‌ടൻ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്. രോഹൻ്റെ തകർപ്പൻ തുടക്കമായിരുന്നു കാലിക്കറ്റിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. 43 പന്തുകളിൽ ആറ് ഫോറും എട്ട് സിക്സും അടക്കം രോഹൻ 94 റൺസ് നേടി. ഫോറിൻ്റെയും സിക്സിൻ്റെയും പെരുമഴ പെയ്യിച്ച രോഹൻ വെറും 19 പന്തുകളിലായിരുന്നു അർദ്ധ സെഞ്ച്വറി തികച്ചത്. കഴിഞ്ഞ മല്സരങ്ങളിൽ നിറം മങ്ങിയ സച്ചിൻ സുരേഷും രോഹന് മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് വെറും 8.2 ഓവറിൽ കാലിക്കറ്റിൻ്റെ സ്കോർ നൂറ് കടത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ സച്ചിൻ സുരേഷ് മടങ്ങി. 19 പന്തുകളിൽ 28 റൺസാണ് സച്ചിൻ നേടിയത്. 12ആം ഓവറിൽ രോഹൻ കുന്നുമ്മലും പുറത്തായി.തുടർന്ന് എം.അജിനാസും (33 പന്തിൽ 49),അഖിൽ സ്കറിയയും (പുറത്താകാതെ 19 പന്തിൽ 45) തകർത്തടിച്ചതോടെ കാലിക്കറ്റിന്റെ സ്കോർ റോക്കറ്ര് പോലെ കുതിച്ചു.
സഞ്ജു സാംസൺൻ്റെ അഭാവത്തിൽ വിനൂപ് മനോഹരനും (36), മൊഹമ്മദ് ഷാനുവും (22 പന്തിൽ 53) ചേർന്നായിുരന്നു കൊച്ചിയ്ക്ക് വേണ്ടി ഇന്നിംഗ്സ് തുറന്നത്. ഇരുവരും മികച്ച തുടക്കം നൽകിയെങ്കിലും
സ്കോർ 42ൽ നിൽക്കെ വിനൂപ് റണ്ണൗട്ടായത് കൊച്ചിക്ക് തിരിച്ചടിയായി. പിന്നീട് തകർത്തടിച്ച ഷാനുവിൻ്റെ മികവിൽ എട്ടാം ഓവറിൽ കൊച്ചി100 കടന്നു. എന്നാൽ ഷാനുവിനെ പുറത്താക്കി അഖിൽ സ്കറിയകാലിക്കറ്രിന് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടടുത്ത ഓവറുകളിൽ നിഖിൽ തോട്ടത്തും (2), അജീഷും (5), സാലി സാംസനും (9) മടങ്ങിയതോടെ കൊച്ചിയുടെ പ്രതീക്ഷകൾ മങ്ങി. കാലിക്കറ്റിനായി അഖിൽ സ്കറിയ 4 വിക്കറ്റ് വീഴ്‌ത്തി.
സഞ്ജു കളിച്ചില്ല
പനി കാരണം സഞ്ജു സാംസൺ ഇന്നലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി കലിക്കാനിറങ്ങിയില്ല. മുൻ മത്സരങ്ങളിൽ പനി വകവയ്ക്കാതെയാണ് താരം കളിച്ചത്.