അതിശയം, അജിനാസുമാരുടെ അപൂർവ സൗഹൃദം !
ഒരേ പേരുകാർ, ഒരേ നാട്ടുകാർ. പാഷനും പ്രൊഫഷനും ഒന്ന്. അതിലുപരി ഉറ്റചങ്ങാതിമാർ. ഇത് വയനാടുകാരായ അജിനാസുമാരുടെ കഥ. ഇതിലൊരാൾ കഴിഞ്ഞദിവസം ഈ സീസൺ കെ.സി.എല്ലിലെ ആദ്യ ഹാട്രിക്കിന് ഉടമയായ തൃശൂർ ടൈറ്റാൻസിന്റെ ഇടംകയ്യൻ സ്പിൻ ആൾറൗണ്ടർ കെ.അജിനാസ്. അടുത്തയാൾ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനായി ഇന്നലെ 33 പന്തിൽ 49 റൺസടിച്ച ബാറ്റർ എം. അജിനാസ്.
ഇരുവരും വയനാട് സുൽത്താൻ ബത്തേരി സ്വദേശികൾ. സ്കൂൾ തലം മുതൽ ക്രിക്കറ്റിലേക്കെത്തിയവർ. ക്രിക്കറ്റിനോട് അടങ്ങാത്ത പ്രണയമുള്ളവർ. ഒരുമിച്ച് ഒരേ വാഹനത്തിൽ പരിശീലനത്തിന് പോകുന്നവർ. കെ.സി.എല്ലിന്റെ ആദ്യ സീസണിൽ ഒരേ ടീമിൽ കളിച്ചവർ. എം. അജിനാസ് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിൽ തുടരുമ്പോൾ കെ. അജിനാസ് തൃശൂരിലേക്ക് മാറുകയായിരുന്നു.ഇരുടീമുകളിലെങ്കിലും സൗഹൃദത്തിന്റെ കാണാച്ചരടുകൊണ്ട് ബന്ധിക്കപ്പെട്ടവർ.
തന്റെ അതേപേരുള്ള ഒരാളെ ഗ്രൗണ്ടിൽ കണ്ടതിന്റെ കൗതുകമായിരുന്നു എം. അജിനാസിലേക്ക് അടുപ്പിച്ചതെന്ന് കെ.അജിനാസ് പറയുന്നു. വ്യത്യസ്ത ഏജ് കാറ്റഗറി ടൂർണമെന്റുകളിൽ വയനാട് ജില്ലയ്ക്ക് വേണ്ടി കളിക്കുമ്പോഴാണ് രണ്ട് വയസിന് മൂത്ത എം.അജിനാസിനെ ആദ്യം കാണുന്നത്. വയനാട് അണ്ടർ 23 ടീമിലും മച്ചാൻസ് ക്ളബിലുമാണ് ഒന്നിച്ചു കളിച്ചത്. ഇതോടെ സൗഹൃദം ശക്തമായി. പരിശീലനവും ഒന്നിച്ചായി.ഗ്രൗണ്ടിലേക്ക് എം. അജിനാസിന്റെ സ്കൂട്ടിയിൽ ഒരുമിച്ച് പോക്കും വരവും.
പരസ്പരം കോച്ചിംഗ്
കോച്ച് ആരാണെന്ന് എം. അജിനാസിനോട് ചോദിച്ചാൽ കെ. അജിനാസെന്ന് ഉത്തരം. തിരിച്ചും അങ്ങനെതന്നെ. സ്പിൻ ബൗളറായ കെ.അജിനാസിനെ നെറ്റ്സിലും പ്രാക്ടീസ് ഗ്രൗണ്ടിലും നേരിട്ട്,നേരിട്ടാണ് എം.അജിനാസ് മികച്ച ബാറ്ററായത്. ആ എറിഞ്ഞ പന്തുകൾ കെ. അജിനാസിനെ മികച്ച ബൗളറുമാക്കി. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ വഴിത്തിരിവ് എം.അജിനാസിനെ പരിചയപ്പെട്ടതാണെന്ന് കെ. അജിനാസ് പറയുന്നു.
എം. അജിനാസിനെ താൻ അജിയെന്നും തിരിച്ച് പൊന്തനെന്നും വിളിക്കുമെന്ന് കെ. അജിനാസ്. കൂട്ടുകാർക്ക് ഇവർ വലിയ അജിയും ചെറിയ അജിയുമാണ്. വയനാട് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും മച്ചാൻസ് ക്രിക്കറ്റ് ക്ളബിന്റെ സാരഥിയും കെ.സി.എൽ ചെയർമാനുമായ നാസിർ മച്ചാനും നൽകുന്ന സപ്പോർട്ടാണ് തങ്ങളുടെ വിജയത്തിന് പിന്നിലെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. ഉമ്മ സൗദയും ഉമ്മുമ്മ ആയിഷയുമാണ് കെ. അജ്നാസിന്റെ വീട്ടിലുള്ളത്. എം. അജ്നാസിന്റെ പിതാവ് റഷീദ്. മാതാവ് ആമിന. ആഷിഖും ലുബിനയും സഹോദരങ്ങൾ.
നാലിന് നേർക്കുനേർ
ഈ സീസണിലെ ആദ്യ മത്സരത്തിൽ തൃശൂരും കാലിക്കറ്റും ഏറ്റുമുട്ടിയപ്പോൾ കെ. അജ്നാസ് തൃശൂർ ടീമിലുണ്ടായിരുന്നില്ല. എം. അജ്നാസ് കാലിക്കറ്റിനായി 58 റൺസടിച്ചു. എന്നാൽ ജയിച്ചത് തൃശൂരാണ്. സെപ്തംബർ നാലിനാണ് ഇരുടീമുകളും തമ്മിലുള്ള രണ്ടാം മത്സരം. ഈ കളിയിൽ പരസ്പരം ഏറ്റുമുട്ടാമെന്ന പ്രതീക്ഷയിലാണ് അജിനാസുമാർ.