താമരശ്ശേരി ചുരത്തിൽ ഇന്ന് സമ്പൂർണ സുരക്ഷാ പരിശോധന, വിദഗ്ധ സമിതിയെത്തും

Thursday 28 August 2025 7:02 AM IST

വയനാട്: മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട താമരശ്ശേരി ചുരത്തിൽ ഇന്ന് രാവിലെ സമ്പൂർണ സുരക്ഷാ പരിശോധന നടത്തും. മണ്ണും മരവും വീണുണ്ടായ ഗതാഗത തടസം പുനഃസ്ഥാപിച്ചെങ്കിലും സാധാരണഗതിയിലുള്ള ഗതാഗതം സാദ്ധ്യമാകുക ഇന്നത്തെ സുരക്ഷാ പരിശോധനക്ക് ശേഷമായിരിക്കും. വിദഗ്ധ സമിതി ചുരം സന്ദർശിക്കാനെത്തും. 26 മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ഇന്നലെ രാത്രി എട്ടരയോടെ ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാനായത്.

ചൊവ്വാഴ്ച ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങിക്കിടന്ന എല്ലാ വാഹനങ്ങളും കടന്നുപോകാൻ അനുവദിച്ചു. ഈ വാഹനങ്ങളെല്ലാം കടത്തിവിട്ടശേഷം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്നലെ ചുരം അടച്ചിരുന്നു. ഇന്ന് രാവിലെ സുരക്ഷാ പരിശോധന നടത്തിയശേഷമായിരിക്കും സാധാരണഗതിയിലുള്ള ഗതാഗതം അനുവദിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, ഇന്നലെ വീണ്ടും ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു. കനത്തമഴയും കോടയും മറ്റൊരു വെല്ലുവിളിയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സഹകരിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കളക്ടറും ജനപ്രതിനിധികളും ഇവിടെയെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു.