താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി; ഒമ്പതാം വളവിൽ പാറക്കല്ലുകൾ ഇടിഞ്ഞുവീഴുന്നു, ഗതാഗതം നിരോധിച്ചു
വയനാട്: താമരശ്ശേരി ചുരത്തിൽ അപകടഭീഷണി തുടരുന്നു. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപത്ത് നിന്ന് പാറക്കല്ലുകളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും രാവിലെ അതേസ്ഥലത്ത് മണ്ണിടിയുകയായിരുന്നു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറക്ഷണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനം കടന്നുപോയപ്പോഴായിരുന്നു കല്ലുകൾ നിലത്തേക്ക് പതിച്ചത്. ഇതോടെ ചുരത്തിൽ വീണ്ടും ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചുരത്തിൽ നേരിയ മഴ പെയ്യുന്നുണ്ട്.
ചൊവ്വാഴ്ച രാത്രിയോടെയാണ് ഒമ്പതാം വളവിൽ മണ്ണിടിച്ചിലുണ്ടായത്. 26 മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ഇന്നലെ രാത്രി എട്ടരയോടെ ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാനായത്. വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങിക്കിടന്ന എല്ലാ വാഹനങ്ങളും കടന്നുപോകാൻ അനുവദിച്ചു. ഈ വാഹനങ്ങളെല്ലാം കടത്തിവിട്ടശേഷം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്നലെ ചുരം അടച്ചിരുന്നു. ഇന്ന് രാവിലെ സുരക്ഷാ പരിശോധന നടത്തിയശേഷമായിരിക്കും സാധാരണഗതിയിലുള്ള ഗതാഗതം അനുവദിക്കുകയെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്നലെ വീണ്ടും ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു. കനത്തമഴയും കോടയും മറ്റൊരു വെല്ലുവിളിയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സഹകരിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കളക്ടറും ജനപ്രതിനിധികളും ഇവിടെയെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു.