തിരുവല്ലയിൽ വീട്ടമ്മയെയും പെൺമക്കളെയും കാണാനില്ല,​ 11 ദിവസമായിട്ടും കണ്ടെത്തിയില്ല

Thursday 28 August 2025 9:34 AM IST

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടമ്മയെയും രണ്ട് പെൺമക്കളെയും കാണാതായിട്ട് പതിനൊന്ന് ദിവസം പിന്നിട്ടു. നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40കാരി റീനയെയും മക്കളായ അക്ഷര (എട്ട്), അൽക്ക(ആറ്) എന്നിവരെയാണ് കാണാതായത്. ഇവരുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ് പി നിയോഗിച്ച പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

ഇവരെ കാണാതായി രണ്ട് ദിവസത്തിനുശേഷമാണ് റീനയുടെ ഭർത്താവ് അനീഷ് മാത്യുവും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയത്. ഇത് അന്വേഷണത്തിന്റെ തുടക്കത്തിൽ ഏറെ ദുരൂഹതകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ റീനയും മക്കളും എവിടെയോ യാത്ര പോകാൻ ഉറപ്പിച്ച രീതിയിലാണുളളത്. റീനയുടെയും മക്കളുടെയും കൈവശം ബാഗുകളുണ്ട്. ഇവർക്കായുളള അന്വേഷണം സംസ്ഥാനത്തൊട്ടാകെ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.