അറുപതോളം വാഹനങ്ങൾക്ക് കൈകാണിച്ചു, ആരും സഹായിച്ചില്ല; വാഹനാപകടത്തിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

Thursday 28 August 2025 10:01 AM IST

മൂവാറ്റുപുഴ: നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. എറണാകുളം എംസി റോഡിൽ മൂവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്‌ഷന് സമീപമാണ് അപകടമുണ്ടായത്. കോട്ടയം സൗത്ത് പാമ്പാടി ആലുങ്കപ്പറമ്പിൽ ചന്ദ്രൻ ചെട്ടിയാരുടെയും ശോഭയുടെയും മകൻ അനന്തു ചന്ദ്രൻ (30) ആണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാനേജരാണ് അനന്തു.

ബുധനാഴ്‌ച രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്. ടയർ പഞ്ചറായതിനെത്തുടർന്ന് തടിലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പുലർച്ചെ 5.15ഓടെയാണ് ലോറി ഡ്രൈവർ അപകടം നടന്ന വിവരം അറിയുന്നത്. ഡ്രൈവറും പേഴയ്‌ക്കാപ്പിള്ളി സ്വദേശി ഷൗക്കത്തും മറ്റൊരു വാഹനത്തിലെത്തിയ യുവാക്കളും ചേർന്ന് അനന്തുവിനെ മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അനന്തുവിന്റെ തലയ്‌ക്ക് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിക്കാനായി സഹായംതേടി നിരവധി വണ്ടികൾക്ക് കൈകാണിക്കേണ്ടി വന്നുവെന്ന് ഷൗക്കത്ത് പറഞ്ഞു. ചിലരൊക്കെ വണ്ടി നിർത്തി കാര്യം ചോദിച്ചതല്ലാതെ സഹായിക്കാൻ തയ്യാറായില്ല. എംസി റോഡിലൂടെ കടന്നുപോയ അറുപതോളം വാഹനങ്ങൾക്ക് ലോറി ഡ്രൈവറും ഷൗക്കത്തും ചേർന്ന് സഹായത്തിനായി കൈ കാണിച്ചു. ഒടുവിൽ കാറിലെത്തിയ ഒരു സംഘം യുവാക്കളാണ് അനന്തുവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്. അനന്തുവിന്റെ സഹോദരി ആര്യ ചന്ദ്രൻ (യുകെ).