കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം, പന്തീരങ്കാവ് സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പന്തീരങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുറച്ചുദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശിയായ യുവാവിനും രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ഓഗസ്റ്റ് 14ന് താമരശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ രോഗം ബാധിച്ച് മരിച്ചിരുന്നു. പനി, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെ തന്നെ അനയയുടെ സഹോദരനും രോഗബാധ സ്ഥിരീകരിച്ചിരുന്നു.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനെയും മസ്‌തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫ്‌ലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണസാദ്ധ്യതയുള്ള രോഗമാണിത്.