ഓരോ മാസവും 9250 രൂപ കൈയിൽ കിട്ടും, ജോലിക്കൊപ്പം അധിക വരുമാനം; സുഖമായി ജീവിക്കാം
വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കുന്നവരുണ്ട്. അതിനായി നിരവധി നിക്ഷേപപദ്ധതികളും നിലവിലുണ്ട്. തപാൽ വകുപ്പിന്റെ കീഴിലുളള നിരവധി പദ്ധതികൾ നിക്ഷേപകർക്ക് മികച്ച ലാഭമാണ് നൽകുന്നത്. പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഫണ്ട്, പ്രതിമാസ വരുമാന പദ്ധതി, കിസാൻ വികാസ് പത്ര അവയിൽ ചിലതാണ്. പ്രതിമാസം നിങ്ങളുടെ അക്കൗണ്ടിൽ 9,250 രൂപ എത്തിയാലോ? അതിനു സഹായിക്കുന്നതാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി.
ഒരു നിശ്ചിത തുക ഒറ്റത്തവണയായി ഈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രതിമാസം നല്ലൊരു തുക കൈയിൽ കിട്ടും. പദ്ധതിയിൽ ഒറ്റതവണയായി 15 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിമാസം നിങ്ങൾക്ക് 9,250 രൂപ കിട്ടും. അതായത് 7.4 ശതമാനം പലിശനിരക്കിലാണ് ഈ തുക ലഭിക്കുന്നത്. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. ഈ കാലയളവിനുളളിൽ നിക്ഷേപകൻ മരിക്കുകയാണെങ്കിൽ നോമിനിക്ക് പണം പിൻവലിക്കാൻ സാധിക്കും.
നിക്ഷേപം ആയിരം രൂപ നിക്ഷേപിച്ച് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ഒറ്റയ്ക്കോ അല്ലെങ്കിൽ സംഘമായോ ഈ പദ്ധതിയിൽ അക്കൗണ്ട് എടുക്കാം. ഒറ്റയ്ക്കാണ് നിങ്ങൾ പദ്ധതിയിൽ ചേരുന്നതെങ്കിൽ ഒമ്പത് ലക്ഷം രൂപ വരെ ഒറ്റത്തവണയായി നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. ഈ ബാങ്കിംഗിലൂടെയോ അടുത്തുളള പോസ്റ്റ് ഓഫീസ് ശാഖ സന്ദർശിച്ചോ നിങ്ങൾക്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.