മലയാളി നെഞ്ചിലേറ്റിയ തണുത്ത പാനീയം, ഷാർജാ ഷേക്ക് കുടിച്ചിട്ടുള്ളവർ ഇക്കാര്യം അറിയാതെ പോകരുത്
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടത്തോടെ കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഷാർജാ ഷേക്ക്. ഷാർജയിൽ നിന്നുള്ള വിഭവമായത് കൊണ്ടാണ് ഇതിനെ ഷാർജാ ഷേക്ക് എന്ന് വിളിക്കുന്നതെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ ഷാർജാ ഷേക്ക് ഉത്ഭവിച്ചത് നമ്മുടെ കേരളത്തിൽ നിന്നാണെന്ന് എത്ര പേർക്കറിയാം. അതേ നമ്മുടെ സ്വന്തം കോഴിക്കോട് നിന്നാണ് ഷാർജ ഷേക്കിന്റെ ചരിത്രം ആരംഭിക്കുന്നത്.
1984-87 കാലഘട്ടം ഷാർജാകപ്പ് ക്രിക്കറ്റ് കപ്പിന്റെ ആവേശം കേരളത്തിൽ അലയടിച്ചുകൊണ്ടിരിക്കുന്ന സമയം. അന്ന് കോഴിക്കോട് കലന്തൻ കോയ നടത്തിയിരുന്ന എപികെ ഫ്രൂട്ട്സ് ആൻഡ് കൂൾ ബാർ എന്ന ജ്യൂസ് കടയിലെ ടിവിയിൽ ഷാർജാ കപ്പ് മാച്ചുകൾ കാണാൻ ആളുകൾ തടിച്ചു കൂടുന്നത് പതിവായിരുന്നു. അന്നൊരിക്കൽ ഷാർജാ കപ്പിൽ ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കുന്ന ദിവസം കലന്തൻ കോയയുടെ കടയിൽ പതിവിലും കൂടുതൽ ആളുകൾ തിങ്ങി നിറയുകയായിരുന്നു.
ക്രിക്കറ്റ് കളി കാണാനെത്തിയ തന്റ കടയ്ക്കുമുന്നിൽ സന്നിഹിദ്ധരായവർക്കായി പതിവിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും വിഭവം നൽകണമെന്ന് അദ്ദേഹം തീരുമാനിച്ചു. അന്ന് കടയിലുണ്ടായിരുന്ന ഞാലി പൂവൻ പഴവും, തണുത്ത് ഐസായ പാലും, പഞ്ചസാരയും കുറച്ച് ഐസ്ക്രീമും നട്സും ചേർത്ത് അദ്ദേഹം ഒരു വേറിട്ട പരീക്ഷണം നടത്തി. ക്രിക്കറ്റ് കളിയുടെ ആവേശത്തിലിരുന്നവർ കോയ നൽകിയ ആ തണുത്ത പാനീയം ഇഷ്ടമായി. കുടിച്ച് ഒരു ഇറക്ക് ഇറക്കിയപ്പോഴേക്കും പലരും ചോദിച്ചു എന്താണ് ഇതിന്റെ പേരെന്ന്.
കോയ ഒരു നിമിഷം ആലോചിച്ച ശേഷം ഷാർജാ കപ്പ് മാച്ച് നടക്കുന്ന കടയിലെ ടിവിയിലേ്ക്ക് ഒന്ന് നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു ഇതാണ് ഷാർജാ ഷേക്ക്. പിന്നീട് കാലങ്ങൾക്ക് ശേഷവും കേരളത്തിൽ അങ്ങോളമിങ്ങോളം ഷാർജാ ഷേക്ക് പ്രസിദ്ധമായി. അതിനു ശേഷം പല ഷേക്കുകളും നമ്മുടെ നാട്ടിൽ ജനപ്രീതി നേടിയെങ്കിലും ഷാർജ ഷേക്ക് മലയാളി നെഞ്ചിലേറ്റിയ പോലെ മറ്റൊന്നും ഉണ്ടാകില്ല.