ആദ്യഘട്ടത്തിൽ മൂന്ന് പേരുടെ മൊഴിയെടുക്കും, രാഹുലിനെതിരായ കേസ് അന്വേഷിക്കാൻ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തും

Thursday 28 August 2025 12:43 PM IST

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിന്റെ അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ദരെയും ഉൾപ്പെടുത്തുമെന്ന് വിവരം. അന്വേഷണ സംഘത്തിലെ അംഗങ്ങളെ രണ്ട് ദിവസത്തിനുളളിൽ തീരുമാനിക്കും. ആദ്യഘട്ടത്തിൽ മൂന്ന് പേരുടെ മൊഴിയെടുക്കാനാണ് തീരുമാനം. നടി റിനി ആൻ ജോര്‍ജ്, ട്രാൻസ്‌ജെൻഡർ അവന്തിക, എഴുത്തുകാരി ഹണി ഭാസ്‌കരൻ എന്നിവരുടെ മൊഴിയെടുക്കും.

ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല. മൂന്നു വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു, മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന സന്ദേശങ്ങളയച്ചും ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തി എന്നിവയാണ് കുറ്റങ്ങൾ. പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

രാഹുലിന്റെ പുറത്തുവന്ന ഫോൺ സംഭാഷണങ്ങളും വാട്സാപ്പ് ചാറ്റുകളും ഗൗരവപരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ പൊലീസ് മേധാവി കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. നിർബന്ധിത ഗർഭച്ഛിദ്രം നടത്താൻ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ച് രാഹുലിനെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്ന് പരാതി ലഭിച്ചിരുന്നു. ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.