കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചുകയറി; കാസർകോട് ആറ്‌ പേർക്ക് ദാരുണാന്ത്യം

Thursday 28 August 2025 2:29 PM IST

കാസർകോട്: കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് ഇടിച്ചുകയറി ആറ്‌ പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ നാല്‌ പേർ കർണാടക സ്വദേശികളാണ്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കർണാടക ബസാണ് അപകടത്തിൽപ്പെട്ടത്.

കേരള - കർണാടക അതിർത്തിയായ തലപ്പാടിയിലാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചുകയറുകയായിരുന്നു എന്നാണ്‌ ദൃക്സാക്ഷികൾ പറയുന്നത്.

ഓട്ടോറിക്ഷ അടക്കമുള്ള ചില വാഹനങ്ങളും ബസ് ഇടിച്ചുതെറിപ്പിച്ചു. മംഗലാപുരത്തുനിന്ന് കാസർകോട്ടേക്ക് വരികയായിരുന്നു ബസ്. ഇതിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.