സുരേഷ് ഗോപി എനിക്ക് സഹായം ചെയ്തു, സി കൃഷ്ണകുമാർ നഗരസഭാ ജീവനക്കാരിയോടും മോശമായി പെരുമാറിയെന്ന് പരാതിക്കാരി
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പുതിയ ആരോപണം. നഗരസഭാ ജീവനക്കാരിയായ യുവതിയോടും കൃഷ്ണകുമാർ മോശമായി പെരുമാറിയെന്നും ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി കേസ് ഒതുക്കിത്തീർക്കുകയായിരുന്നു എന്നുമാണ് പുതിയ ആരോപണം.
സി കൃഷ്ണകുമാറിനെതിരെ താൻ നൽകിയ പീഡനപരാതി കുടുംബപ്രശ്നമല്ലെന്ന് പരാതിക്കാരി മാദ്ധ്യമങ്ങൾക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്. പൊലീസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നും കൃഷ്ണകുമാറിന് അനുകൂലമായി റിപ്പോർട്ട് നൽകിയെന്നും കത്തിൽ പറയുന്നു. രാഷ്ട്രീയ സ്വാധീനം പൊലീസിനുമേലുണ്ടായി എന്നും പരാതിക്കാരി ആരോപിക്കുന്നു. കൃഷ്ണകുമാറിന്റെ മർദനമേറ്റ് തനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് ചികിത്സാ സഹായം നൽകിയത് സുരേഷ് ഗോപിയാണ്. പീഡന പരാതിയിൽ ശോഭാ സുരേന്ദ്രൻ ഇടപെടണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞദിവസമാണ് സി കൃഷ്ണകുമാറിന്റെ ബന്ധുവായ യുവതി പീഡനത്തെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഇ-മെയിലിലൂടെ പരാതി നൽകിയത്. ഇക്കാര്യം രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. 2014ലാണ് യുവതി ആദ്യം പരാതി നൽകിയത്. തുടർന്ന് പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തിരുന്നു. രണ്ടുവർഷം കഴിഞ്ഞ് ബി.ജെ.പി നേതൃത്വത്തിനും പരാതി നൽകിയിരുന്നു. എളമക്കരയിലെ ആർ.എസ്.എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലൻകുട്ടിയോടും തുടർന്ന് ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, എം.ടി. രമേശ് എന്നിവരോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കുമെന്നും കൃഷ്ണകുമാറിനെതിരെ നടപടിയെടുക്കുമെന്നും എല്ലാവരും ഉറപ്പുനൽകിയെങ്കിലും ഒന്നും നടന്നില്ലെന്ന് യുവതി പരാതിയിൽ ആരോപിച്ചു.
പീഡനാരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു സി.കൃഷ്ണകുമാർ പ്രതികരിച്ചത്. ഇതിനുപിന്നിൽ പാർട്ടി വിട്ടുപോയ അസുരവിത്താണ്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും. ഇപ്പോഴുള്ള പരാതി ഭാര്യവീട്ടിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.