കൊച്ചിയിൽ ഉയരും അഭിമാന യുദ്ധസ്മാരകം

Friday 29 August 2025 12:01 AM IST

കൊച്ചി: രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീരയോദ്ധാക്കളോടുള്ള ആദരസൂചകമായി എറണാകുളം നഗരത്തിൽ അഭിമാനമായി യുദ്ധസ്മാരകം ഉയരും. നാഷണൽ എക്സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കൊച്ചി സിറ്റി യൂണിറ്റും വിശാലകൊച്ചി വികസന അതോറിട്ടിയും (ജി.സി.ഡി.എ) കൊച്ചി കോർപ്പറേഷനും സംയുക്തമായാണ് പനമ്പിള്ളിനഗറിൽ സ്മാരകം നിർമ്മിക്കുന്നത്.

കഴിഞ്ഞദിവസം പനമ്പിള്ളിനഗർ ഷിഹാബ് തങ്ങൾ റോഡിലെ ട്രാഫിക് ഐലൻഡിൽ നടന്ന ചടങ്ങിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയും കൊച്ചി മേയർ അഡ്വ.എം. അനിൽകുമാറും ചേർന്ന് യുദ്ധസ്മാരകത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.

സ്മാരകത്തിന്റെ സവിശേഷതകൾ

ജി.സി.ഡി.എ അനുവദിച്ച സ്ഥലത്ത് 15 ചതുരശ്രയടി വിസ്തീർണത്തിൽ 18- 20 അടി ഉയരമുള്ള സ്തൂപവും അതിനോടനുബന്ധിച്ച് ഉദ്യാനം ഉൾപ്പെടെയാണ് നിർമ്മാണം.

12 ലക്ഷം രൂപ ചെലവ് വരുന്ന സ്മാരകത്തിന് വിമുക്തഭടന്മാരുടെ വിഹിതവും പൊതുസമൂഹത്തിന്റെ സംഭാവനയും ഉണ്ടാകും.

 1962, 1967, 1971 കാലത്തെ യുദ്ധങ്ങളിലും കാർഗിൽ യുദ്ധത്തിലും വീർ ചക്ര, പരമവീർ ചക്ര ബഹുമതികൾ നേടിയ മലയാളി സൈനികരുടെ പേര് സ്മാരകസ്തൂപത്തിൽ ആലേഖനം ചെയ്യും.

 പാറ്റൻടാങ്ക് ഉൾപ്പെടെ സാദ്ധ്യമായ യുദ്ധോപകരണങ്ങളും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

രാജ്യത്തിന്റെ അതർത്തിയും പൗരന്മാരുടെ അന്തസും അഭിമാനവും സംരക്ഷിക്കുന്ന ധീരയോദ്ധാക്കളോടുള്ള സമൂഹത്തിന്റെ ആദരവ് പ്രകടമാക്കുന്ന സ്മാരകം കേരളത്തിൽ നിലവിലുള്ളതിൽ ഏറ്റവും മനോഹരമായിരിക്കും

മേജർ ബേബി ജോൺ പൈനുതറ

റിട്ട. സുബേദാർ

സിറ്റി യൂണിറ്റ് കൺവീനർ

നാഷണൽ എക്സ്-സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി

14-ാമത്തെ സ്മാരകം

എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി 13 യുദ്ധസ്മാരകങ്ങളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ എത്തുന്ന കൊച്ചി നഗരത്തിൽ സ്മാരകം ഇല്ലെന്നത് വലിയ കുറവായിരുന്നു. നേരത്തെ ഫോർട്ടുകൊച്ചിയിൽ സൈനികർ മുൻകൈ എടുത്ത് ഒരെണ്ണം സ്ഥാപിച്ചിട്ടുണ്ട്. നാവികത്താവളത്തിലും യുദ്ധസ്‌മാരകമുണ്ട്. ഇതിനെല്ലാം പുറമെയാണ് 14ാമത്തെ സ്മാരകമായി മനോഹരമായ മാർബിൾ സ്തൂപം ഉയരുന്നത്.വിമുക്തഭടന്മാർ ഉൾപ്പെടെ കോ-ഓർഡിനേഷൻ കമ്മിറ്റിയിലെ അംഗങ്ങൾ സ്വന്തം നിലയിൽ മൂന്നുലക്ഷം രൂപ സമാഹരിച്ചിട്ടുണ്ട്. കോ-ഓർഡിനേഷൻ കമ്മിറ്റി- കൊച്ചി സിറ്റി യൂണിറ്റിൽ 40 അംഗങ്ങളുണ്ട്.