വിമാനത്താവളത്തിലേക്ക് വാട്ടർമെട്രോ നീളുമോ?  സാദ്ധ്യതാപഠനത്തിന് തുടക്കം  ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട്

Friday 29 August 2025 12:51 AM IST

കൊച്ചി: ആലുവയിൽ നിന്ന് വാട്ടർ മെട്രോയിൽ നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താനാകുമോ? സാദ്ധ്യതാപഠനത്തിന് തുടക്കമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മിറ്റി പ്രവർത്തനം തുടങ്ങി.

ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും വാട്ടർമെട്രോ സർവീസ് ആരംഭിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്.

കൊച്ചി മെട്രോയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന സമാന്തര ഗതാഗത മാർഗമായി വികസിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാൽ ആദ്യം ഈ റൂട്ടാണ് പരിഗണിക്കുന്നത്. കൊച്ചി മെട്രോയ്ക്കും സിയാലിനും കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും ഗതാഗതക്കുരുക്ക് മൂലം യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കാനും വാട്ടർ മെട്രോയ്ക്ക് കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

പഠന വിഷയങ്ങൾ

സർവീസ് ഏതുതരം ബോട്ടാണ് ഉപയോഗിക്കാനാവുക

കണക്ടിവിറ്റി ഏതൊക്കെ മാർഗത്തിലാകണം

 ആലുവ സ്റ്റേഷനുമായും വിമാനത്താവളവുമായും ഏതുതരത്തിലാണ് ബന്ധിപ്പിക്കാനാകുക

 സർവീസിന് സാദ്ധ്യമായ മാർഗങ്ങൾ എന്തൊക്കെ

ആലുവയിൽ ആരംഭിച്ച് എയർപോർട്ടിൽ അവസാനിക്കുന്ന പോയിന്റ് ടു പോയിന്റ് സർവീസാണോ ഇടയ്ക്ക് സ്റ്റോപ്പുള്ളതാണോ അഭികാമ്യം

എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം

ആലുവയിൽ നിന്ന് പെരിയാറിലൂടെ വിമാനത്താവളത്തിലേക്കുള്ള ദൂരം---- ഏകദേശം എട്ട് കിലോമീറ്റർ

വാട്ടർ മെട്രോ

ആരംഭം---- 2023 ഏപ്രിൽ 25ന്

നിലവിലെ സർവീസ് എട്ട്

ആകെ---- 20 ബോട്ടുകൾ

ഉടൻ ആരംഭിക്കുന്ന റൂട്ടുകൾ

വെല്ലിംഗ് ടൺ ഐലൻഡ് മട്ടാഞ്ചേരി

 ഏറ്റവും കൂടുതൽ യാത്രക്കാർ ഹൈക്കോർട്ട്----ഫോർട്ട്കൊച്ചി റൂട്ടിൽ

പ്രാരംഭ സാദ്ധ്യതാപഠനത്തിനു ശേഷമുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിന് പുറമേ നിന്നുള്ള ഏജൻസിലെ ചുമതലപ്പെടുത്തും. ഇതിനായി ടെൻഡർ ക്ഷണിക്കും സാജൻ പി. ജോൺ സി.ഒ.ഒ കൊച്ചി വാട്ടർ മെട്രോ

 കടമക്കുടിയിലേക്കും

കടമക്കുടിയിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. സ്റ്റേഷന്റെ നിർമ്മാണം ഉടൻ പൂർത്തിയാകും. വൈപ്പിൻ നിയോജക മണ്ഡലത്തിലെ വാട്ടർ മെട്രോ പദ്ധതിയിൽ ഉൾപ്പെടുത്തിയ 14 ൽ കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

ഡിസംബറോടെ രണ്ട് ടെർമിനലുകളും പ്രവർത്തനസജ്ജമാക്കും. വൈപ്പിൻ, ബോൾഗാട്ടി, മുളവുകാട് നോർത്ത് എന്നീ ടെർമിനലുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.