വടുതല ബണ്ട്; പൊളിക്കാനുള്ള പൂർണ ചുമതല സർക്കാരിന് , കേസ് അവസാനിപ്പിച്ചു
കൊച്ചി: വടുതല റെയിൽവേ മേൽപ്പാലത്തിനുതാഴെ നിർമ്മിച്ച താത്കാലിക ബണ്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് കോടതി. ബണ്ട് പൊളിക്കുന്നതിനുള്ള ചുമതല പൂർണമായും സർക്കാരിനെ ചുമതലപ്പെടുത്തിയാണ് നടപടികൾ അവസാനിപ്പിച്ചത്. ഹൈവേ നിർമ്മാണത്തിന് വടുതലയിലെ മണ്ണ് ഉപയോഗിക്കാനായേക്കുമെന്ന് ചൂണ്ടിക്കാട്ടിയതുൾപ്പെടെ വർഷങ്ങളായി കേസിൽ സജീവഇടപെടൽ നടത്തുന്നവരെയും കോടതി അഭിനന്ദിച്ചു.
ബണ്ടിലടിഞ്ഞ മണ്ണ് എന്തിനൊക്കെ ഉപയോഗിക്കാനാകുമെന്ന് വിവിധ നിർദ്ദേശങ്ങൾ പരിഗണിച്ച് തീരുമാനിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്. മുൻപ് ഒരുവട്ടം ബണ്ട് പൊളിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചപ്പോൾ സാമ്പത്തികബാദ്ധ്യത ചൂണ്ടിക്കാട്ടി സർക്കാർ അതിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. പിന്നീട് നിർമ്മാതാക്കൾതന്നെ ബണ്ട് പൊളിക്കണമെന്ന് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു.
വടുതല ബണ്ട്
റെയിൽവേ മേൽപ്പാലം പണിയുന്നതിന് താത്കാലികമായി നിർമ്മിച്ചത്. 25,15,670 ഘനഅടി മണ്ണും ചെളിയും 25,750 ഘനഅടി കോൺക്രീറ്റ് അവശിഷ്ടങ്ങളും അടിഞ്ഞ് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ച വടുതല ബണ്ടിന്റെ ചുറ്റുവട്ടങ്ങൾ വേലിയിറക്ക സമയങ്ങളിൽ കരപ്രദേശംപോലെയാണ്. പ്രദേശത്തെ മത്സ്യസമ്പത്തും കുറഞ്ഞു. 20 തൂണുകൾക്കുമിടയിലൂടെ തുടക്കകാലത്ത് വലിയ വള്ളങ്ങൾ ഉൾപ്പെടെ കടന്നുപോയിരുന്നു. പിന്നീട് ഇതുവഴി ചെറുവള്ളങ്ങൾക്കുപോലും കടന്നുപോകാനാകാത്ത അവസ്ഥയായി. 18 തൂണുകളും അടഞ്ഞു.
നാൾവഴി
* 2009-10 റെയിൽവേ മേല്പാലംപണി പൂർത്തീകരിച്ചു. പാലം നിർമ്മാണത്തിന് കെട്ടിയ ബണ്ട് നീക്കാത്തതിൽ കേസ്
* 2010- ബണ്ട് നീക്കാൻ ഹൈക്കോടതി * 2011- മേല്പാലം കരാറുകാർക്ക് മുഴുവൻ പണവും നൽകി
* 2018,19- പ്രളയം. മൂന്ന് ദ്വീപുകളിലുൾപ്പെടെ ഏലൂർ, കളമശേരി, ആലുവ പ്രദേശങ്ങളിൽ വൻ വെള്ളക്കെട്ട് * 2020 മേയ്- മുഖ്യമന്ത്രിക്ക് പരാതിയുമായി സ്വാസ് * 2021 ജൂലായ്- മന്ത്രി പി. രാജീവിന്റെ നിർദ്ദേശത്തിൽ ഇറിഗേഷൻ പരിശോധന റിപ്പോർട്ട്
* 2021ആഗസ്റ്റ്- മന്ത്രിതലസമിതി യോഗം. ബണ്ട് പൊളിക്കുമെന്നുറപ്പ്
* 2021ആഗസ്റ്റ്, സെപ്തംബർ- വിഷയം രണ്ടുവട്ടം നിയമസഭയിൽ. പൊളിക്കുമെന്ന് ജലസേചനമന്ത്രി
* 2021 ഒക്ടോബർ- ബണ്ട് നീക്കാൻ സർക്കാരിനോട് കോടതി. തുറമുഖത്തെ ചുമതലപ്പെടുത്തി * 2022 മാർച്ച്- ലോകായുക്ത അന്വേഷണം
* 2022 ജൂൺ- ഉന്നതതലസമിതി പരിശോധന * 2024 ജനുവരി- നവകേരള സദസിൽ * 2025 ജനുവരി-- പൊളിക്കണമെന്ന് വീണ്ടും ഹൈക്കോടതി * ഫെബ്രുവരി--- മണ്ണ് ഹൈവേ നിർമ്മാണത്തിന് ഉപയോഗിക്കാനാകുമോയെന്ന് കോടതി * കേരളകൗമുദിയുടെ ഇടപെടലിന് ഹൈക്കോടതിയുടെ പ്രശംസ * ഏപ്രിൽ---നിർദ്ദേശം എൻ.എച്ച്.എ.ഐ നിരസിച്ചു * മേയ് ---ബണ്ട് പൊളിക്കാൻ സർക്കാർ ഉത്തരവ്