വീണ്ടും തോറ്റ് ട്രിവാന്‍ഡ്രം റോയല്‍സ്; സെമി പ്രതീക്ഷ തുലാസില്‍, കൊച്ചിക്ക് നാലാം ജയം

Thursday 28 August 2025 6:43 PM IST

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണില്‍ നിന്ന് പുറത്താകുന്നതിന്റെ വക്കിലെത്തി ട്രിവാന്‍ഡ്രം റോയല്‍സ്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ ഒമ്പത് റണ്‍സിനാണ് റോയല്‍സ് തോറ്റത്. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ആറ് മത്സരങ്ങളില്‍ നിന്ന് വെറും ഒരു ജയവും അഞ്ച് തോല്‍വികളുമാണ് റോയല്‍സിന്റെ ക്രെഡിറ്റിലുള്ളത്. അതേസമയം, സീസണിലെ നാലാം ജയവുമായി കൊച്ചി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് വേണ്ടി 46 പന്തുകളില്‍ നിന്ന് 70 റണ്‍സ് നേടിയ സഞ്ജീവ് ആണ് ടോപ് സ്‌കോറര്‍. അബ്ദുള്‍ ബാസിത് 41(27), ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് 36(29) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ഗോവിന്ദ് ദേവ് പൈ 0(2), റിയാ ബഷീര്‍ 0(2) എന്നിവര്‍ നിരാശപ്പെടുത്തുന്ന പ്രകടനവുമായി മടങ്ങിയത് റോയല്‍സിന് തിരിച്ചടിയായി. നിഖില്‍ എം 12(8), അഭിജിത്ത് പ്രവീണ്‍ 8*(4), ബേസില്‍ തമ്പി 5*(2) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. കൊച്ചിക്ക് വേണ്ടി മുഹമ്മദ് ആഷിക് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സാലി സാംസണ്‍, ജോബിന്‍ ജോബി, ജെറിന്‍ പി.എസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി ഇന്ത്യന്‍ താരം സഞ്ജു വി സാംസണ്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 37 പന്തുകളില്‍ നിന്ന് 62 റണ്‍സ് നേടിയാണ് താരം പുറത്തായത്. വിനൂപ് മനോഹരന്‍ 42(26), നിഖില്‍ തോട്ടത്ത് 45(35), ജോബിന്‍ ജോബി 26(10) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. റോയല്‍സിനായി അഭിജിത്ത് പ്രവീണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആസിഫ് സലാം, അബ്ദുള്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.