പൊന്നോണ വിപണിക്ക് പായസത്തിന് അതിമധുരം!

Friday 29 August 2025 12:47 AM IST

കൊച്ചി: ഓണാഘോഷങ്ങൾ സജീവമായതോടെ ഓണവിപണിക്ക് മധുരം പകർന്ന് പായസ വില്പന തകൃതി. അത്തം തുടങ്ങിയതുമുതൽ നഗരങ്ങളിലും ഗ്രാമങ്ങളിലും ഓണം സ്‌പെഷ്യൽ പായസ വിപണികൾ സജീവമാണ്. ബേക്കറികളും ഹോട്ടലുകളും 'പായസ മേളകൾ' എന്ന ബോർഡുകൾ വച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഓണസദ്യകൾക്ക് പായസം മാത്രം ഓർഡർ അനുസരിച്ച് തയ്യാറാക്കി നൽകുന്ന സ്ഥാപനങ്ങളും സജീവമാണ്. അടപ്രഥമനും പാലടയ്ക്കുമാണ് ആവശ്യക്കാർ കൂടുതൽ. റോഡരികുകളിൽ പായസം വിൽക്കുന്ന തട്ടുകളും ഈ വർഷം അത്തത്തിന് മുൻപേ സജീവമായി. കാറ്ററിംഗ് യൂണിറ്റുകളിലും വില്പന പൊടിപൊടിക്കുകയാണ്.

വിവിധതരം പായസങ്ങൾ അടപ്രഥമൻ  പാലട ഗോതമ്പ് പായസം പരിപ്പ് പായസം

പായസ വിലനിലവാരം

പാലട, അടപ്രഥമൻ, ഗോതമ്പ്, പരിപ്പ് എന്നിവയ്‌ക്കെല്ലാം ലിറ്ററിന് 320 മുതൽ 350 വരെയാണ് ബേക്കറികളിലെ വില. ചിലയിടങ്ങളിൽ ഗോതമ്പിനും പരിപ്പിനും 260 മുതൽ 300വരെ വിലയിൽ ലഭ്യമാകും. അരലിറ്റർ ടിന്നുകളിലും പായസം ലഭ്യമാണ്. അരലിറ്റർ വാങ്ങുമ്പോൾ 10 രൂപ വരെ വില കുറച്ച് നൽകുന്നയിടങ്ങളുമുണ്ട്. ഓണസദ്യയ്ക്കും മറ്റും പായസം മാത്രം ഓർഡർ അനുസരിച്ച് ചെയ്ത് നൽകുന്നയിടങ്ങളും സജീവം.