സൈഡ് കിട്ടിയില്ല: ഡ്രൈവർക്ക് ഇടിവള കൊണ്ട് ആക്രമണം
കൊച്ചി: പാഴ്സൽ ലോറിക്ക് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ഇടിവള കൊണ്ട് മർദ്ദനം. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് അമൃതാ ആശുപത്രിയിലേക്ക് പോയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവർ റിന്റോ എം. രാജിനാണ് (26) പരിക്കേറ്റത്. കേസിൽ പാഴ്സൽ ലോറി ഡ്രൈവർ പട്ടാമ്പി സ്വദേശി ജിഹാസ് ഉമറിനെ (28) മരട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 12.20നാണ് സംഭവം ആക്രമണം. ജംഗ്ഷനിലെ സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി വൈറ്റില ഹബ്ബിലേക്ക് പോകാൻ സിഗ്നലിന് സമീപം ബസ് നിറുത്തിയപ്പോൾ തൊട്ടുപിന്നിൽ ലോറി നിറുത്തി പുറത്തിറങ്ങിയ ജിഹാസ് ബസ് ഡ്രൈവറുടെ വാതിൽ തുറന്ന് റിന്റോയെ ഇടിവള കൊണ്ട് തലയ്ക്ക് പിന്നിലും മൂക്കിലും തുരുതുരെ ഇടിച്ചു. തടയാൻ ശ്രമിച്ച റിന്റോയുടെ കൈയ്ക്കും പരിക്കേറ്റു. ബോണറ്റിന് സമീപത്തെ കമ്പിയിലിടിച്ച് നിലത്ത് വീണു. രക്ഷിക്കാനെത്തിയ കണ്ടക്ടർ എം. പ്രസീദിനും യാത്രക്കാർക്കും നേരെയും ഇടിവള പ്രയോഗമുണ്ടായി. ബസിലെ ക്യാമറയും തകർന്നു.
ജംഗ്ഷനിലെ ട്രാഫിക് പൊലീസും ബസ് യാത്രക്കാരും ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. റിന്റോയെ പൊലീസ് ജീപ്പിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രതിക്കെതിരെ മാരകമായി പരിക്കേൽപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു. സംഭവത്തെ തുടർന്ന് അമൃതാ ആശുപത്രിയിൽ നിന്ന് നെടുമങ്ങാട്ടേക്കുള്ള ബസിന്റെ വൈകിട്ടത്തെ ട്രിപ്പ് റദ്ദാക്കി.