കുറ്റവാളികളാണോ ഇനിയും കുട്ടികളെ പഠിപ്പിക്കുന്നത്‌‌? സിദ്ധാർത്ഥിന്റെ അമ്മ

Friday 29 August 2025 12:06 AM IST

കൽപ്പറ്റ: ''കൊലക്കുറ്റത്തിന് കുറ്റവാളികളാണെന്ന് തെളിഞ്ഞവരാണോ കുട്ടികളെ പഠിപ്പിക്കാൻ വരുന്നത്? ഒരു കുട്ടിയെയും പഠിപ്പിക്കാൻ ഇവർക്ക് ഒട്ടും അർഹതയില്ല. പൂർണമായും പുറത്താക്കുക തന്നെവേണം. അതിനായി ഏതറ്റം വരെയും ഞങ്ങൾ പോകും.''

ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി ജെ.എസ്.സിദ്ധാർത്ഥിന്റെ അമ്മ എം.ആർ.ഷീബ നിലപാട് വ്യക്തമാക്കി. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം.കെ. നാരായണനും അസി.വാർഡൻ ഡോ.കാന്തനാഥനും കുറ്റക്കാരാണെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.

അന്വേഷണ കമ്മിഷൻ റിപ്പോർട്ട് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് മാനേജ്മെന്റ് കമ്മിറ്റി അംഗീകരിക്കുകയും തരംതാഴ്ത്തലും സ്ഥലമാറ്റവും ഉൾപ്പെടെയുളള ശിക്ഷാ നടപട‌ികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ഡോ. എം.കെ. നാരായണനെ ഡീൻ സ്ഥാനത്ത് നിന്ന് മാറ്റി നിറുത്തി പ്രൊഫസറായി തരം താഴ്ചത്താനും ഡോ.കാന്തനാഥന്റെ സ്ഥാനക്കയറ്റം രണ്ടുവർഷത്തേക്ക് തടഞ്ഞുവയ്ക്കാനും ശുപാർശയുണ്ട്. ഡോ. നാരായണനെ മൂന്ന് വർഷത്തേക്ക് അഡ്മിനിട്രേറ്റീവ് തസ്തികകളിൽ നിയമിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇരുവരെയും പൂക്കോട് വെറ്ററിനറി കോളേജിൽ നിന്ന് മാറ്റാനും ശുപാർശയുണ്ട്.

സിദ്ധാർത്ഥന്റെ മരണം നടന്നതിന്റെ പിറ്റേദിവസം മുതൽ തരംതാഴ്ത്തൽ അടക്കമുള്ള ശിക്ഷാനടപടികൾക്ക് മുൻകാല പ്രാബല്യം നൽകണമെന്നും ശുപാർശയുണ്ട്.

എന്നാൽ, ഇവർ സർവീസിൽ തുടരുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നാണ് സിദ്ധാർത്ഥിന്റെ അമ്മ ചോദിക്കുന്നത്.

ശുപാർശ ബോർഡ് ഓഫ് മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. ഇനി ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസും അയക്കണം. മറുപടിക്ക് ശേഷം സെപ്തംബർ 20ന് ചേരുന്ന ബോർഡ് ഓഫ് മാനേജ്മെന്റ് യോഗത്തിലായിരിക്കും നടപടികൾ വരിക. ഇരുവർക്കുമെതിരെ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് മൂന്ന് മാസത്തിനകം ബോധിപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സെപ്തംബർ 25ന് ഹൈക്കോടതി അനുവദിച്ച സമയപരിധി തീരും.