പൊതുവാഹന സുരക്ഷ: ഹൈക്കോടതി ശരിവച്ചു
കൊച്ചി: സ്‌കൂൾ ബസുകളടക്കമുള്ള പൊതുവാഹനങ്ങളിൽ നിരീക്ഷണ ക്യാമറകളും മറ്റു സുരക്ഷാ സംവിധാനങ്ങളും നിർബന്ധമാക്കിയ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.സി) നടപടി ഹൈക്കോടതി ശരിവച്ചു. പൊതുജന താത്പര്യം കൂടി കണക്കിലെടുത്തുള്ള തീരുമാനത്തിനെതിരായ വാദങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇതു സംബന്ധിച്ച ഹർജികൾ തള്ളി. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികൾ ആവശ്യമാണ്. സംസ്ഥാനത്ത് 2023 മുതൽ 2025 വരെ പൊതുവാഹനങ്ങൾ ഉൾപ്പെട്ട 1017 അപകടങ്ങളുണ്ടായെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ ഉടമയും ഡ്രൈവറും കണ്ടക്ടറും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) എടുക്കുക, വാഹനത്തിനു മുന്നിലും അകത്തും പിന്നിലും ക്യാമറകൾ സ്ഥാപിക്കുക, റെക്കാർഡറോടു കൂടിയ ജിയോ ഫെൻസിംഗ് സംവിധാനമൊരുക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ ജനുവരി 24നാണ് എസ്.ടി.എ ഉത്തരവിട്ടത്. ഇത്തരം നിർദ്ദേശം നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്നും എസ്.ടി.സിക്ക് അല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, പൊതുജനങ്ങളുമായി യാത്ര ചെയ്യുന്ന ബസുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ അതീവ പ്രധാന്യം അർഹിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ട്രാവൽ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള സംഘടനകളും ഏതാനും വ്യക്തികളും നൽകിയ ഹർജികളാണ് പരിഗണിച്ചത്.