ഉരുട്ടിക്കൊലക്കേസ് വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട കെ. ജിതകുമാർ ഉൾപ്പെടെ എല്ലാവരെയും വെറുതേവിട്ട ഹൈക്കോടതി ഉത്തരവിനെതിരേ സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. സി.ബി.ഐയുടേത് നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അന്വേഷണമാണെന്നും അന്വേഷണത്തിലും പ്രോസിക്യൂഷനിലും അടിമുടി പിഴച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസുകാരായ പ്രതികളെ ഹൈക്കോടതി വെറുതേവിട്ടത്. ചില സാങ്കേതിക പിഴവുകൾ മാത്രമാണുണ്ടായതെന്നും പ്രതിളെല്ലാം വിചാരണക്കോടതിയിൽ കുറ്റം സമ്മതിച്ചതാണെന്നുമടക്കം ചൂണ്ടിക്കാട്ടിയാവും സി.ബി.ഐയുടെ അപ്പീൽ.
സി.ബി.ഐ തിരുവനന്തപുരം സ്പെഷ്യൽ ക്രൈം യൂണിറ്റാവും അപ്പീലിന് സി.ബി.ഐ ആസ്ഥാനത്തേക്ക് ശുപാർശ നൽകുക. സി.ബി.ഐയുടെ പ്രോസിക്യൂഷൻ ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷം ഫയൽ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനും അവിടെ നിന്ന് സോളിസിറ്റർ ജനറലിനും അയയ്ക്കും. കേന്ദ്രാനുമതിയായ ശേഷമായിരിക്കും 90ദിവസത്തിനകം സുപ്രീംകോടതിയിൽ അപ്പീൽ നൽകുക. കോളിളക്കമുണ്ടാക്കിയ കേസായതിനാലും സി.ബി.ഐ അന്വേഷണത്തെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചതിനാലും അപ്പീൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കും.
പിഴവുകൾ?
കേസിൽ തുടരന്വേഷണത്തിനാണ് ഹൈക്കോടതി സി.ബി.ഐയ്ക്ക് ഉത്തരവ് നൽകിയിരുന്നത്. നടത്തിയത് പുനരന്വേഷണമാണ്. സി.ബി.ഐ സ്വന്തം നിലയിൽ എഫ്.ഐ.ആർ റീ രജിസ്റ്റർ ചെയ്തു. അഡി.സെഷൻസ് കോടതി കേസ് പരിഗണിക്കവേ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ മാപ്പുസാക്ഷികൾക്കായുള്ള അപേക്ഷയടക്കം നൽകി. അധികാര പരിധി മറികടന്നാണ് അന്വേഷണ റിപ്പോർട്ടുകൾ കോടതിയിലെത്തിയത്. പ്രതികളെ വെറുതേവിട്ടുള്ള ഉത്തരവിൽ ഈ പിഴവുകളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
അപ്പിൽ?
മേൽപ്പറഞ്ഞ പിഴവുകൾ സാങ്കേതികം മാത്രമാണ്. അന്വേഷണത്തിൽ പിഴവുകളുണ്ടായിട്ടില്ല. സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങൾ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ ഭാഗമാണ്. ക്രൈംബ്രാഞ്ച് അന്വേഷണം സി.ബി.ഐ അതേപടി തുടരുകയായിരുന്നില്ല. ഇതെല്ലാം അപ്പീലിൽ സി.ബി.ഐ ചൂണ്ടിക്കാട്ടും.