കരുണ ചെയ്‌വാൻ താമസമരുതേ... ഇരയിമ്മൻ തമ്പി സ്മാരകം നശിക്കുന്നു
ആലപ്പുഴ: 'ഓമനത്തിങ്കൾ കിടാവോ നല്ല കോമള താമരപ്പൂവോ ...", 'കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ..." മാതൃവാത്സല്യത്തിന്റെ തളിർമ്മയും ഭക്തിയുടെ പരമരസവും മനം നിറയ്ക്കുന്ന താരാട്ടു പാട്ടും കീർത്തനവും. കാലാതീതം. പകരംവയ്ക്കാനില്ലാത്തവ.
പക്ഷേ, ഇവയ്ക്ക് ജന്മമേകിയ ഇരയിമ്മൻ തമ്പിയുടെ ജന്മഗൃഹം നാമാവശേഷമാകുകയാണ്. മഹാപ്രതിഭയോടുള്ള കൊടും നീതികേടിന് നേർക്കാഴ്ചയായി.
ചേർത്തല വാരനാട്ടെ നടുവിലേ കോവിലകത്തിന്റെ നാലുകെട്ട് തകർന്നുവീണു. അടുക്കളയിലും, കിടപ്പുമുറിയിലും മേൽക്കൂര നിലംപതിച്ചു. കിടപ്പുമുറികളിലേക്ക് മഴ പെയ്തിറങ്ങുന്നു.
രാജ്യത്തെ പ്രമുഖരെ ക്ഷണിച്ച് സംഗീത പരിപാടികളും സാഹിത്യ സമ്മേളനങ്ങളും നടന്നിരുന്ന പൂമുഖം തെരുവു നായ്ക്കൾ കൈയടക്കി.
പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകത്തിനാണ് ഈ സ്ഥിതി. 2006ലാണ് കൊട്ടാരവും 40 സെന്റ് സ്ഥലവും സർക്കാർ സംരക്ഷിത സ്മാരകമാക്കിയത്.
1782ൽ ജനിച്ച ഇരയിമ്മൻ തമ്പി 14 വയസ്സ് വരെ കളിച്ചുവളർന്നത് കോവിലകത്തായിരുന്നു. പിന്നീടാണ് തിരുവനന്തപുരത്തേക്ക് പോയത്. അദ്ദേഹം ഉപയോഗിച്ചിരുന്ന ചാരുകസേരയും, എഴുതാൻ ഉപയോഗിച്ചിരുന്ന തടിപ്പലകയുമടക്കം ഇവിടെ നശിക്കുകയാണ്.
ഇരയിമ്മൻ തമ്പിയുടെ പിൻമുറക്കാരായ ആറ് പേരടങ്ങുന്ന ട്രസ്റ്റിനായിരുന്നു സ്മാരകത്തിന്റെ സംരക്ഷണച്ചുമതല. ട്രസ്റ്റ് അംഗമായിരുന്ന രുഗ്മിണീഭായി 2014ൽ മരണപ്പെട്ടു. ഇതോടെയാണ് സ്മാരകം അവഗണിക്കപ്പെട്ടത്.
രുഗ്മിണിഭായിയുടെ സഹായിയായി 40 വർഷം മുമ്പ് കോവിലകത്തെത്തിയ തിരുവനന്തപുരം സ്വദേശി അംബിക ഇപ്പോഴും ഇവിടെയുണ്ട്. തന്നാലാവും വിധം സ്മാരകവും പരിസരവും ദിവസേന വൃത്തിയാക്കും. പൊട്ടിവീഴുന്ന മേൽക്കൂര ഭാഗങ്ങൾ ഒരിടത്ത് ഒതുക്കിയിടും. മുമ്പ് ഇവിടത്തെ ഒരു മുറി ഉപയോഗിച്ചിരുന്നു. മേൽക്കൂര പൂർണമായി തകർന്നതോടെ അയൽവീട്ടിലാക്കി അന്തിയുറക്കം. പുരാവസ്തുവകുപ്പ് ചെറിയൊരു തുക മാസം നൽകുന്നുണ്ട്.
അവകാശത്തർക്കം, സ്റ്റേ
എട്ടുകെട്ടുള്ള കെട്ടിടത്തിൽ ഏഴ് വർഷം മുമ്പ് 40ലക്ഷം രൂപ ചെലവിൽ സർക്കാർ നവീകരണം ആരംഭിച്ചിരുന്നു
എന്നാൽ, നിലവിലെ അവകാശികളും സർക്കാരും തമ്മിലുള്ള കേസിൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വന്നതോടെ നവീകരണം നിലച്ചു ഇതിൽ അടിയന്തര തീർപ്പുണ്ടായില്ലെങ്കിൽ കോവിലകം ഒന്നാകെ നിലം പൊത്തും
ഹൈക്കോടതി സ്റ്റേ നീക്കിയാൽ പുനർനിർമ്മാണം തുടങ്ങി കോവിലകം സംക്ഷിക്കാനാകും
- പുരാവസ്തു വകുപ്പ്