മുഖ്യമന്ത്രി ആകാനില്ലെന്ന് ശശി തരൂർ
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയാകാനില്ലെന്നും താൻ ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ലെന്നും ശശി തരൂർ എം.പി പറഞ്ഞു. ഒരു ദേശീയ ദിനപത്രം സംഘടിപ്പിച്ച ലീഡേഴ്‌സ് ഫോറം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഏറ്റവും കൂടുതൽ ആളുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് തരൂരിനെയാണെന്ന സർവേ ഫലം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതിനെ തുടർന്ന് കുടത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. 'കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് ഞാൻ സ്വയം മുന്നോട്ടുവരികയായിരുന്നു. അതിന് പലരുടെയും പ്രേരണയും ഉണ്ടായിരുന്നു" - തരൂർ പറഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആഗ്രഹമുണ്ട്. നിക്ഷേപക സംരക്ഷണ നിയമം പാസാക്കണം. ഹർത്താൽ നിരോധിക്കണം. നിക്ഷേപം നടത്തുന്നവർ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും തൊഴിലാളി സംഘടനകളെയും ഭയക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.