പട്ടാമ്പിയിലെ പുതിയ പാലം: സ്ഥലം ഏറ്റെടുപ്പിനൊരുങ്ങി അധികൃതർ
പട്ടാമ്പി: ഭാരതപ്പുഴയ്ക്ക് കുറകേ പട്ടാമ്പിയിൽ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ സ്ഥലമേറ്റെടുപ്പ് ഉടനാരംഭിക്കും. പട്ടാമ്പി വില്ലേജിലെ 15 ഭൂവുടമകളിൽ നിന്നും തൃത്താല വില്ലേജിലെ 24 ഭൂവുടമകളിൽ നിന്നുമാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. പൈലിംഗ് പണി നേരത്തെ ആരംഭിച്ചിരുന്നെങ്കിലും കാലവർഷത്തിൽ ഭാരതപ്പുഴയിൽ വെള്ളം കയറിയതോടെ താത്കാലികമായി നിറുത്തി വെച്ചിരിക്കുകയാണ്.
പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന, ഭാരതപ്പുഴയ്ക്കു കുറകേയുള്ള പട്ടാമ്പി പുതിയ പാലത്തിന്റെ കരാർ നടപടികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. പാലം നിർമ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. 52.57 കോടി രൂപയാണ് പാലം പണിയാൻ ലഭിച്ചത്. അനുബന്ധ റോഡ് ഉൾപ്പെടെ 750 മീറ്റർ നീളവും 13.5 മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്.
നിലവിൽ തൃശ്ശൂർ, മലപ്പുറം ജില്ലകളുടെ കവാടമായ പട്ടാമ്പിയിൽ കുപ്പിക്കഴുത്തായാണ് പട്ടാമ്പി പാലം നിൽക്കുന്നത്. 2018, 2019, 2024 വർഷങ്ങളിൽ പട്ടാമ്പി പാലംകവിഞ്ഞ് പുഴയൊഴുകിയിരുന്നു. ഇതോടെ, ദിവസങ്ങളോളം പാലം അടച്ചിടേണ്ടിവന്നു. യാത്രക്കാർക്ക് പട്ടാമ്പി കടക്കാൻ ഷൊർണൂർ, തൃത്താല വഴി ചുറ്റിത്തിരിഞ്ഞു പോകേണ്ടിവന്നു.
പട്ടാമ്പിയിൽ ഉയരമുള്ള പാലം പണിയണമെന്നത് ഒരുപതിറ്റാണ്ടിലധികമായുള്ള ആവശ്യമാണ്. മാറിമാറി വരുന്ന സർക്കാരുകൾ ഇടപെടലുകൾ നടത്തുമെങ്കിലും പാലം യാഥാർത്ഥ്യമായില്ല. പട്ടാമ്പി പഴയകടവിനെയും ഞാങ്ങാട്ടിരിയെയും ബന്ധിപ്പിച്ചാണ് പുതിയപാലം വരുന്നത്. നിലവിലെ പാലം അമ്പത് വർഷംമുൻപ് അന്നത്തെ വാഹനത്തിരക്കിനനുസരിച്ച് കോസ്‌വേ ആയാണ് പണിതത്. വീതികുറഞ്ഞ പാലത്തിൽ ബലമേറിയ കൈവരികളോ നടപ്പാതയോ ഇല്ലാത്തതും പ്രശ്നമാണ്. രണ്ടു വലിയ വാഹനങ്ങൾ വന്നാൽ പാലത്തിൽ ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണ്. പാലത്തിൽ ഗതാഗതക്കുരുക്ക് വന്നാൽ ഞാങ്ങാട്ടിരി വരെ കുരുക്കനുഭവപ്പെടും. പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.