യൂത്ത് കോൺഗ്രസിന്റെ ക്ളിഫ് ഹൗസ് മാർച്ച്, തീപ്പന്തമെറിഞ്ഞതിനടക്കം 28 പേർക്കെതിരെ കേസ്
തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ റോഡിൽ തടഞ്ഞതിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി യൂത്ത് കോൺഗ്രസ് നടത്തിയ ക്ളിഫ് ഹൗസ് മാർച്ചിലെ സംഘർഷത്തിൽ 28 പേർക്കെതിരെ പൊലീസ് കേസ്. മൂന്ന് പേരെ റിമാൻഡ് ചെയ്തു. മാർച്ചിനിടെ പൊലീസുകാരെ തീപ്പന്തമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത് തടഞ്ഞ മ്യൂസിയം എസ്.ഐ വിപിൻ ഗബ്രിയേലിന് പൊള്ളലേറ്റു. തലയ്ക്ക് നേരെ വന്ന തീപ്പന്തം തടഞ്ഞില്ലായിരുന്നെങ്കിൽ തീ കത്തി മരണം വരെ സംഭവിക്കാമായിരുന്നുവെന്നും എഫ്.ഐ.ആറിലുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളായ യൂസഫ്, ഡെലിയോ, സാമുവൽ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഒന്നാം പ്രതി ശ്യാംലാലിനെ അറസ്റ്റ് ചെയ്തിട്ടില്ല. വധശ്രമം, കലാപത്തിന് പ്രേരിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. മഹിളാ കോൺഗ്രസ് നേതാക്കളായ വീണ എസ്. നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല, കോർപ്പറേഷൻ കൗൺസിലർ മേരി പുഷ്പം ഉൾപ്പെടെ പ്രതികളാണ്.
തീപ്പന്തവുമായി എത്തിയ അമ്പതോളം പ്രവർത്തകർ ബാരിക്കേഡ് വച്ച് തടയാൻ ശ്രമിച്ച പൊലീസിന് നേരെ തീപ്പന്തവും കല്ലുകളും വലിച്ചെറിഞ്ഞു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ വീണ്ടും ആക്രമിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അക്രമങ്ങൾക്കിടെ സി.ഐ.ടി.യു, സി.പി.എം കൊടിമരങ്ങളും ബോർഡുകളും തകർത്തു പൊലീസിന്റെ വയർലെസ് സെറ്റും ലാത്തികളും നശിപ്പിച്ചു. 8000 രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് എഫ്.ഐ.ആറിൽ.
ബാഹുബലിയുടെ
പടച്ചട്ടയല്ല
യൂത്ത് കോൺഗ്രസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ കന്റോൺമെന്റ് എസ്.എച്ച്.ഒ പ്രജീഷ് ശശിയുമായി തർക്കിക്കുന്ന വീഡിയോയും വൈറലായി. എന്തിനാണ് ലാത്തി വീശിയതെന്ന് ഷജീർ ചോദിച്ചപ്പോൾ, തങ്ങൾ ബാഹുബലിയുടെ പടച്ചട്ടയല്ല കേരള പൊലീസിന്റെ സാധാരണ പടച്ചട്ടയാണ് ധരിച്ചിരിക്കുന്നതെന്ന് എസ്.എച്ച്.ഒ പ്രജീഷ് പറഞ്ഞു. പൊലീസുകാരും മനുഷ്യരാണ്,കല്ലും,തീപ്പന്തവുമെറിഞ്ഞാൽ അതിനെതിരെ പ്രതികരിക്കുമെന്നും എസ്.എച്ച്.ഒ പറഞ്ഞു.
വടകരയിൽ ഷാഫിയെ തടഞ്ഞ 11 ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ കേസിൽ 11 ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിഷേധ സൂചകമായി യു.ഡി.വൈ.എഫ് നടത്തിയ റോഡ് ഉപരോധത്തിൽ ഗതാഗതം തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഷാഫി പറമ്പിൽ എം.പിയെ വടകരയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത്. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു വച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് ഷാഫി കാറിൽ നിന്ന് പുറത്തിറങ്ങി പ്രവർത്തകരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. കെ.കെ.രമ എം.എൽ.എ മുൻകൈയെടുത്ത് വടകര ടൗൺഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് തിരിച്ചു പോകുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള വിഷയത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഷാഫി പറമ്പിലിന്റെ കാറിനു മുന്നിലേക്ക് ചാടി വീണത്.