ഇടർച്ചയില്ലാതെ ഇന്ത്യൻ വ്യവസായ ലോകം
ജൂലായിൽ വ്യാവസായിക ഉത്പാദനം 3.5% ഉയർന്നു
കൊച്ചി: ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾക്കിടെയിലും ഇന്ത്യൻ വ്യാവസായിക മേഖല മികച്ച പ്രകടനം തുടരുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ കണക്കുകളനുസരിച്ച് ജൂലായിൽ രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക നാല് മാസത്തിലെ ഉയർന്ന തലമായ 3.5 ശതമാനത്തിലെത്തി. ജൂണിൽ വ്യാവസായിക ഉത്പാദനത്തിൽ 1.5 ശതമാനം വർദ്ധന മാത്രമാണുണ്ടായിരുന്നത്. മാനുഫാക്ചറിംഗ് മേഖലയിലെ ഉണർവാണ് വ്യാവസായിക ഉത്പാദനത്തിന് കരുത്തായത്. മാനുഫാക്ചറിംഗ് രംഗത്തെ ഉത്പാദനം കഴിഞ്ഞ മാസം 5.4 ശതമാനം വളർച്ച നേടി. ജൂലായിൽ വൈദ്യുതി ഉത്പാദനം 0.6 ശതമാനം വർദ്ധിച്ചു. ജൂണിൽ വൈദ്യുതി ഉത്പാദനത്തിൽ 1.2 ശതമാനം ഇടിവുണ്ടായിരുന്നു.
കഴിഞ്ഞ മാസം ഖനന മേഖലയിലെ ഉത്പാദനം 7.2 ശതമാനം കുറഞ്ഞു. കാറുകളും സ്‌മാർട്ട് ഫോണുകളുമടങ്ങിയ കൺസ്യൂമർ ഡ്യൂറബിൾ വിപണിയിലെ ഉത്പാദനം അവലോകന കാലയളവിൽ 7.7 ശതമാനമായി ഉയർന്നു. മൂലധന ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ 5.4 ശതമാനം വളർച്ചയുണ്ട്. ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കാലയളവിൽ വ്യാവസായിക ഉത്പാദന സൂചിക 2.3 ശതമാനം വളർച്ചയാണ് നേടിയത്.
സമ്പൂർണ പിന്തുണയെന്ന് നിർമ്മല സീതാരാമൻ
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയിൽ വലയുന്ന കയറ്റുമതിക്കാർക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. വെല്ലുവിളികൾ തരണം ചെയ്യാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും കയറ്റുമതിക്കാരുടെ സംഘടനകളുമായുള്ള കൂടിക്കാഴ്‌ചയിൽ ധനമന്ത്രി പറഞ്ഞു. കയറ്റുമതി പ്രതിസന്ധി തരണം ചെയ്യുന്നതിന് വ്യവസായ നയങ്ങളിൽ സമഗ്ര മാറ്റം വേണമെന്ന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ്(എഫ്.ഐ.ഇ.ഒ) പ്രസിഡന്റ് എസ്.സി രാധൻ പറഞ്ഞു.
ജി.ഡി.പി വളർച്ച 5.8 ശതമാനമായി കുറഞ്ഞേക്കും
യു.എസിലെ ഉയർന്ന തീരുവ അതിരൂക്ഷമായി ബാധിച്ചാലും നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) 5.8 ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രമുഖ ധനകാര്യ ഏജൻസിയായ നൊമുര വ്യക്തമാക്കി.
ഇന്ത്യയുടെ കരുത്ത്
1. ഇന്ത്യയിലെ ഇടത്തരക്കാരുടെ വാങ്ങൽശേഷിയിലെ വർദ്ധനയും ഉയർന്ന ജനസംഖ്യയും ആഭ്യന്തര വളർച്ചയ്ക്ക് കരുത്താകും
2. ചരക്ക് സേവന നികുതി കുറയാനുള്ള സാദ്ധ്യതയും ഉത്സവകാലത്തെ മികച്ച ഉപഭോഗവും വ്യവസായ മേഖലയ്ക്ക് പിന്തുണയാകും